മണിമല: ഓലമേഞ്ഞ ഒറ്റമുറി വീട്ടിലെ ഇല്ലായ്മയിലും ഒരു വിഹിതം പാവങ്ങള്‍ക്കായി മാറ്റിവച്ചിരുന്ന ബ്രിജിറ്റ് കണ്ണന്താനം ഓര്‍മ്മയായി. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മാതാവ് ഇന്നലെ നിര്യാതയായ ബ്രിജിറ്റിനെക്കുറിച്ചു പറയാന്‍ നാട്ടുകാര്‍ക്കു നൂറുനാവ്.
ഒന്നുമില്ലായ്മയില്‍ നിന്നും വലിയ നിലയിലേക്ക് വളര്‍ന്നപ്പോഴും പാവങ്ങളുടെ കണ്ണീരു കണ്ടാല്‍ ബ്രിജിറ്റിന്റെ മനസലിയുമായിരുന്നു. ഒന്‍പത് മക്കളുമായി ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും കോഴിക്കോടു നിന്നും രണ്ടു കുട്ടികളെക്കൂടി ദത്തെടുത്ത് വളര്‍ത്തി. സ്വന്തം മക്കളെപ്പോലെ പഠിപ്പിക്കുകയും നല്ല നിലയില്‍ വളര്‍ത്തുകയും ചെയ്തു.
മണിമലയിലെ നിരവധി വിദ്യാര്‍ത്ഥികളുടെ പഠന ചിലവുകള്‍ ഏറ്റെടുത്തും പാവങ്ങള്‍ക്ക് വീടുകള്‍ വച്ചു നല്‍കിയും അവസാന കാലം വരെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബ്രിജിറ്റ്. ഡല്‍ഹിയില്‍ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ കോവിഡ്-19 പോസിറ്റീവ് ആയിരുന്നു. പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായി. കോവിഡ് മൂലം ആരോഗ്യ സ്ഥിതി മോശമായതോടെ ന്യുമോണിയ ബാധിച്ചാണ് മരണം.
ഫെബ്രുവരി അവസാനമാണ് ഡല്‍ഹിയിലുള്ള മകന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വീട്ടിലേക്കു പോയത്. പിന്നീട് ലോക്ക്ഡൗണ്‍ മൂലം മണിമലയിലേക്ക് മടങ്ങാനായില്ല. മൂത്തമകള്‍ ജോളിക്ക് ജോലി കിട്ടിയതോടെയാണ് സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും കുടുംബം കര കയറിയത്. ഇല്ലായ്മയോ ദാരിദ്രമോ ഒന്നും ബ്രിജിറ്റിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും തടസമായില്ല. മക്കളെല്ലാവരും സാമ്പത്തികമായി ഉയര്‍ന്ന് നല്ല നിലയിലായപ്പോഴും ബ്രിജിറ്റ് നാട്ടുകാരുടെ ബുദ്ധിമുട്ടുകളില്‍ സഹായഹസ്തവുമായി ഓടിയെത്തുമായിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് പന്ത്രണ്ടു മക്കളോടുമൊപ്പം മണിമലയിലെ കുടുംബവീട്ടില്‍ തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചു. ജന്മദിന സമ്മാനം എന്തു വേണമെന്ന് മക്കള്‍ ചോദിച്ചപ്പോള്‍ മണിമലയിലെ പാവപ്പെട്ട ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കണം എന്നാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് മക്കള്‍ എല്ലാവരും കൂടി അമ്മയുടെ ആഗ്രഹ പ്രകാരം ഈ വിദ്യാര്‍ത്ഥിയുടെ പഠന ചിലവ് ഏറ്റെടുത്തു.ശനിയാഴ്ച മണിമലയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഞായറാഴ്ച സെന്റ് ബേസില്‍ പള്ളിയില്‍ സംസ്കരിക്കും.
-ജോമോന് മണിമല