
മലേഷ്യയുടെ പോലീസ് സേനയായ റോയല്‍ മലേഷ്യന്‍ പോലീസിന് ഇനി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ കരുത്തന് സെഡാന് മോഡലായ സിവിക്കിൽ യാത്ര ചെയ്യാം. ഈ വര്‍ഷം പോലീസ് സേനയ്ക്കായി 8.6 കോടി രൂപ മുതല്‍ മുടക്കില്‍ 425 സെഡാൻ ഹോണ്ടയില്‍ നിന്ന് പുറത്തിറക്കാനാണ് പദ്ധതി.
സിവികിന്റെ എസ് വേരിയന്റായിരിക്കും പോലീസ് പട്രോള്‍ വാഹനമാകുകയെന്നാണ് സൂചന. പ്രത്യേകം നിര്‍മിക്കുന്ന സെഡാനുകളാണ് പോലീസ് സേനയ്ക്കായി എത്തുക. വെള്ള നിറത്തിലുള്ള കാറില്‍ പോലീസ് ഐവറി ബ്ലൂ, യെല്ലോ ആന്‍ഡ് റെഡ് ഗ്രാഫിക്സുകള്‍ നല്‍കും. ഇതിനൊപ്പം കാറിന്റെ റൂഫില്‍ നീല നിറത്തിലുള്ള എല്‍ഇഡി ബീക്കണ്‍ ലൈറ്റ് ബാറും ഘടിപ്പിച്ചിട്ടുണ്ട്.
ഈ വാഹനത്തിന് 1.8 ലിറ്റര്‍ ഐ-വിടെക് എസ്ഒഎച്ച്സി നാച്വറലി ആസ്പിരേറ്റഡ് നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഫോഗ് ലാമ്പ്, ബോഡി കളര്‍ ഡോര്‍ ഹാന്ജില്, ഹാലജന്‍ ഹെഡ്ലാമ്പ്, 16 ഇഞ്ച് അലോയി വീല്‍ (ഉയര്‍ന്ന വേരിയന്റില്‍ 17, 18 ഇഞ്ച് അലോയി വീലുകളാണ്) എന്നിവ ലഭിക്കും. കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ പോലീസ് സേനയിലേക്ക് ആവശ്യപ്പെട്ട 425 വാഹനങ്ങള്‍ 30 എണ്ണം കൈമാറിയിട്ടുണ്ട്. ജൂലായ് മാസത്തിനുള്ളില്‍ തന്നെ ബാക്കിയുള്ളവ എത്തുമെന്നാണ് റിപ്പോർട്ട്.






