
ഗൂഗിള്‍ മാപ്സില്‍ ഇനി ബോളിവുഡ് മെഗാസ്റ്റാറായ അമിതാഭ് ബച്ചന്റെ ശബ്ദം കേൾക്കാൻ സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മാപ് സേവനമായ ഗൂഗിള്‍ മാപ്സിലെ ദിശ പറഞ്ഞു തരുന്ന ശബ്ദം ഇനി അമിതാഭ് ബച്ചന്റെതായിരിക്കും.
ഇക്കാര്യത്തിനായി ഗൂഗിള്‍ ഇന്ത്യാ ബച്ചനെ സമീപിച്ചെന്ന് 'മിഡ് ഡേ' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇരുകൂട്ടരും തമ്മില്‍ ഇതുവരെ കാരര്‍ ഒപ്പുവച്ചതായി റിപ്പോർട്ടില്ല. സാമൂഹിക അകലം പാലിക്കലും മറ്റു നിബന്ധനകളും പാലിക്കണമെങ്കിൽ ബച്ചന്റെ വീട്ടില്‍ വച്ചുതന്നെ റെക്കോഡിങ് നടത്തിയേക്കും. ബച്ചന് 'ഭീമമായ തുകയാണ്' ഇതിനായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
ന്യൂ യോര്‍ക് കേന്ദ്രമായി വിനോദവ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന കാരെന് ജാകൊബ്സെന് എന്ന സ്ത്രീയുടേതാണ് ഇപ്പോള്‍ ഗൂഗിള്‍ മാപ്സില്‍ കേള്‍ക്കുന്ന ശബ്ദം. എന്നാല്‍, ഇംഗ്ലിഷ് ശബ്ദമായി കാരന് തന്നെ തുടര്‍ന്നേക്കുമെന്നും ബച്ചന് ഹിന്ദിക്കു മാത്രമേ സമ്മതിച്ചേക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇംഗ്ലിഷില്‍ റെക്കോഡ് ചെയ്യാന്‍ ബച്ചന് സമ്മതിച്ചാലും അത് ഉപയോഗിക്കുക ഇന്ത്യയില്‍ മാത്രമായിരിക്കാമെന്നും അറിയുന്നു. ഓസ്ട്രേലിയയില്‍ ജനിച്ച കാരന്റെ ശബ്ദമാണ് ആപ്പിളിന്റെ സിറിയുടെ പിന്നിലും.






