
സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിലെ അപര്‍ണ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ച താരമാണ് മഞ്ജുള ഘട്ടമനേനി. ഒരു സിനിമ കുടുംബത്തില്‍ തന്നെയാണ് മഞ്ജുള ജനിച്ചത്. പ്രശസ്ത തെലുഗുനടന്‍ കൃഷ്ണയുടെ മകളും നടന് മഹേഷ് ബാബുവിന്റെ സഹോദരിയുമാണ് മഞ്ജുള. തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള താരത്തിന്റെ വെളിപ്പെടുത്തലുകളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
'' ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ എന്റെ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തു നടക്കുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും ഞാന്‍ ഒരു നടിയാവുന്നത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഞാന്‍ ഇരയാക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്.
ചെറിയ പ്രായത്തില്‍ തന്നെ വിഷാദരോഗിയായി. പിന്നീട് മെഡിറ്റേഷനിലൂടെയും മറ്റുമാണ് അതിനെ മറികടന്നത്. ഇരുപതു വര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തു. ഇതുവരെ നോക്കിയാല്‍ പതിനായിരം മണിക്കൂറുകളൊക്കെ പൂര്‍ത്തീകരിച്ചു. ജീവിതത്തിലെ മുപ്പതു വര്‍ഷവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞത്. ആ യാത്രയില്‍ നിരവധി ഗുരുക്കളെ കണ്ടുമുട്ടി, അവര്‍ ജീവിതത്തിന്റെ വലിയ സത്യം എന്താണെന്നു പഠിപ്പിച്ചു. ഇത്രയും നാളും കൃഷ്ണയുടെ മകള്‍, മഹേഷ് ബാബുവിന്റെ സഹോദരി, ദേശീയ പുരസ്കാര ജേതാവ് എന്ന നിലയിലൊക്കെയാണ് താന്‍ അറിയപ്പെട്ടിരുന്നത്. അവയെല്ലാം സന്തോഷപ്പിക്കുന്നുണ്ടെങ്കിലും അതിലുപരിയായി എന്റേതായ ഇടമുണ്ട്.'' മഞ്ജുള പറയുന്നു.






