
ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണ രേഖയിലെ ഷാപുര്‍-കെര്‍ണി സെക്ടറില്‍ ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
പാക് സൈന്യം ശക്തമായി വെടിയുതിര്‍ക്കുകയും ഷെല്ലിങ് നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ബാരാമുള്ളയിലെ രാംപുര്‍ സെക്ടറിലും പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. സൈന്യം തിരിച്ചടിച്ചതായും സൈനിക വക്താവ് പറഞ്ഞു.
പൂഞ്ച്, രജൗറി ജില്ലകളിലായി ഈ മാസം ഇതുവരെ പാക് വെടിവെപ്പില്‍ മൂന്നാമത്തെ മരണമാണ് ഇത്. ജൂണ്‍ നാല്, പത്ത് എന്നീ ദവിസങ്ങളിലായി പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.






