
യുവ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് 'ഡ്രൈവ്' എന്ന ചിത്രത്തിലാണ്. സിനിമയെ മാത്രമല്ല അദ്ദേഹം പ്രണയിച്ചത്, അദ്ദേഹം ഒരു കടുത്ത വാഹനപ്രേമി കൂടി ആയിരുന്നു. ഇതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെ അത്യാഡംബര കാറുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും വലിയ ശേഖരം. മാത്രമല്ല, അദ്ദേഹത്തിന്റെ പ്രിയ വാഹനങ്ങളിൽ ഒന്ന് ലംബോര്‍ഗിനിയാണ്.
സുശാന്തിന്റെ വാഹനശേഖരത്തിലെ ഏറ്റവും വലിയ വാഹനം മസെരാറ്റി ക്വാട്രോപോര്‍ട്ട് ആയിരുന്നു . 2.12 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില. 310 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനത്തിന് 4.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 3.0 ലിറ്റര്‍ വി8 ഡീസല്‍ എന്ജിന് കരുത്തേകുന്ന ഈ വാഹനം 571 ബിഎച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.
അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ പ്രധാന എസ്യുവി ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് എച്ച്എസ്ഇ ഡൈനാമിക് ആയിരുന്നു. ഇതിലെ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്ജിൻ 177 ബിഎച്ച്പി പവറും 430 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 62.96 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില.
സൂപ്പര്‍ ബൈക്കുകളോടും സുശാന്തിന് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഇരുചക്ര വാഹനങ്ങളില്‍ കരുത്തന് ബിഎംഡബ്ല്യു കെ1300ആര് സ്പോര്‍ട്സ് ബൈക്കായിരുന്നു. ധൂം-3-യില്‍ അമീര്‍ ഖാന് ഉപയോഗിക്കുന്ന ഈ വാഹനത്തിന് 25.9 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. 1300 സിസി എന്ജിന് 173 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.






