വടകര: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആര്.എം.പി വക്കീല്‍ നോട്ടീസ് അയച്ചു. ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
ശിക്ഷയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചിച്ചത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്നും ആര്.എം.പി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
ജൂണ്‍ 12നാണ് പി.കെ കുഞ്ഞനന്തന് മരിച്ചത്. ടി.പി വധക്കേസില്‍ പതിമുന്നാം പ്രതിയായിരുന്ന കുഞ്ഞനന്തന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മുഖ്യമന്ത്രി അടക്കമുള്ള പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ മരണത്തില്‍ അനുശോചിച്ചിരുന്നു.






