
ക്യാമറയ്ക്ക് മുന്നിലും പിന്നിലും ചിരിപ്പിച്ചു കൊണ്ടിരുന്നത് ഇളയആറു സഹോദരങ്ങള്‍ കരയാതിരിക്കാന്‍ വേണ്ടിയായിരുന്നു! അത്രയേറെ കഷ്ടപ്പാട് നിറഞ്ഞ ചുറ്റുപാടില്‍നിന്ന് മലയാളസിനിമയിലെത്തി പ്രേക്ഷകരെ ഏറെ രസിപ്പിച്ച അഭിനേതാവായിരുന്നു കൊട്ടാരക്കര തോപ്പില്‍ കിഴക്കതില്‍ അസ്റാഭവനിലെ പരീതുറാവുത്തര്-ഹാജിറാബീബി ദമ്പതികളുടെ മകന് അബ്ദുല്‍ അസീസ് എന്ന ബോബി കൊട്ടാരക്കര.
സ്കൂള്‍ പഠനകാലത്ത് വെള്ളിയാഴ്ചകളില്‍ നടന്നിരുന്ന സാഹിത്യസമാജങ്ങളില്‍ സ്ഥിരം പാട്ടുപാടല്‍ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങി കലാരംഗത്ത് ചുവടുറപ്പിച്ച ഈ പ്രതിഭ റിക്കാര്‍ഡ് ഡാന്‍സിലും കഴിവുതെളിയിച്ചിരുന്നു.
ചരിത്രകഥകളും മറ്റും പറഞ്ഞ് കഥാപ്രസംഗ ലോകത്ത് വി.സാംബശിവന് അടക്കമുള്ളവര്‍ നിറഞ്ഞുനിന്നപ്പോള്‍ ബോബിയും സുഹൃത്തുക്കളായ എസ്.രാജേന്ദ്രബാബു, ഹബീബ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചുകൊണ്ടിരുന്ന 'ഉലക്ക'അടക്കമുള്ള ഹാസ്യകഥാ പ്രസംഗങ്ങള്‍ക്കും ഏറെ വേദികള്‍ കേരളത്തിലുടനീളം കിട്ടി.
''ഞങ്ങളുടെ കഥ രചിച്ചിരിക്കുന്നത് പാറപ്പുറത്ത് അല്ല, നല്ല വെള്ളക്കടലാസില്‍'' എന്ന് പറഞ്ഞുതുടങ്ങിയിരുന്ന ഇവരുടെ പരിപാടി ആസ്വാദകര്‍ക്ക് ചിരിയുടെ പൂരം തന്നെ സമ്മാനിച്ചു.
'ഗീത' മാസികയുടെ പത്രാധിപര്‍ ഷെരീഫ് കൊട്ടാരക്കരയുടെ ശുപാര്‍ശ കത്തുമായി സിനിമയില്‍ അഭിനയിക്കാന്‍ തോപ്പില്‍ ഭാസിയെ കാണാന്‍ മദിരാശിക്ക് പുറപ്പെട്ട അസീസിന് അദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരുന്ന 'മുച്ചീട്ടുകളിക്കാരന്റെ മകളില്‍'അഭിനയിക്കാനായി. തുടര്‍ന്ന് 'ഇവളൊരു നാടോടി', 'പറയാനും വയ്യ പറയാതിരിക്കാനും വയ്യ', 'വെളിച്ചമില്ലാത്ത വീഥി' അടക്കം ഒരു ഡസനോളം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാനായെങ്കിലും എണ്‍പതുകളുടെ മധ്യത്തില്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ വിവിധ സംവിധായകര്‍ അണിയിച്ചൊരുക്കിയ 'അരംഅരം=കിന്നരം', 'മുത്താരംകുന്ന് പി.ഒ', 'അക്കരെനിന്നൊരു മാരന്' എന്നീ പടങ്ങളിലെ അഭിനയങ്ങളിലൂടെയാണ് ഹാസ്യനടന് എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
അവതരിപ്പിക്കാന്‍ കിട്ടിയ വേഷങ്ങള്‍ ചെറുതാണെങ്കിലും അതിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബോബിക്ക് സാധിച്ചിട്ടുണ്ട്. സത്യന് അന്തിക്കാടിന്റേയും പ്രിയപ്പെട്ട നടന്മാരിലൊരാളായിരുന്നു 'വരവേല്‍പ്പി'ലെ പപ്പനും 'മഴവില്‍ക്കാവടി'യിലെ മുരുകനും. ദൃശമാധ്യമങ്ങളിലെ പല പരിപാടികളില്‍ ഇന്നും കാണിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്രരംഗങ്ങളില്‍ ഉത്തമ(സന്ദേശം)നും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്.
ചായക്കടക്കാരന്, കള്ളന്, നാട്ടിന്‍പുറത്തെ തരികിട രാഷ്ട്രീയക്കാരന് വേഷങ്ങളിലൊക്കെ ബോബി പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനുകളില്‍ തമാശ പറഞ്ഞും സഹായിച്ചുമെല്ലാം ഈ നടന് സഹപ്രവര്‍ത്തകര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു.
'വടക്കുനോക്കിയന്ത്ര'ത്തിലെ തളത്തില്‍ പ്രസിലെ സഹായി സഹദേവന്, 'സൗഭാഗ്യ'ത്തിലെ നാടകനടന്‍ എന്നീ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
ടി.കെ. രാജീവ്കുമാറിന്റെ 'വക്കാലത്ത്നാരായണന് കുട്ടി'യുടെ ചിത്രീകരണവേളയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് 2000 ഡിസംബര്‍ 3-ന് ബോബി കാണികളില്‍ നിന്ന് വിടചൊല്ലിയത്. ഈ പടത്തില്‍ തിരക്കേറിയ ജംങ്ഷനിലെ പുസ്തകവില്പ്പനക്കാരന്റെ മുഴുനീള വേഷമായിരുന്നു. ഒരുപാട് സ്വപ്നങ്ങളോടെ തിരശീലയിലെ എത്തി ഒന്നുമാകാതെപോയ അനേകം അഭിനേതാക്കളില്‍ ഒരാളായി മണ്മറഞ്ഞപ്പോള് ഈ നടന് നാല്പ്പത്തിയൊന്പത് വയസായിരുന്നു പ്രായം.
സ്മൃതി / മുഹമ്മദ്ഷെരീഫ് കാപ്പ്