
മുഖപുസ്തകത്തില്‍ വരുന്ന കുറുപ്പുകളിലെ അക്ഷരത്തെറ്റുകളെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. നമ്മുടെ മാതൃഭാഷയ്ക്ക് ഇത്രത്തോളം അപചയം സംഭവിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല. പലര്‍ക്കും ഇന്ന് മുഖപുസ്തകത്തില്‍ എന്തെങ്കിലും എഴുതാതിരിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. എന്നാല്‍ എഴുതുന്നത് കറകളഞ്ഞ ഭാഷയാണോ എന്നുമാത്രം അക്കൂട്ടര്‍ ചിന്തിക്കുന്നില്ല. അവ കണ്ടുകണ്ട് പലരും ശരിയേത് തെറ്റേത് എന്നു തിരിച്ചറിയാതെ കുഴങ്ങിപ്പോകുന്നു.
അതുപോലെയാണ് ചലച്ചിത്രഗാനങ്ങളിലും കടന്നുവരുന്ന അപഭ്രംശങ്ങള്‍. ആശയസൗഭഗമില്ലാത്ത പാട്ടുകളില്‍ അപശബ്ദങ്ങള്‍ കൂടി കടന്നുവന്നാലോ? കൂനിന്മേല് കുരു എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. 'മൈസാന്റാ' എന്ന ചിത്രത്തിലെ ഈ ഗാനം ശ്രദ്ധിക്കൂ. ഇപ്പറഞ്ഞതിന്റെ മൂര്‍ത്ത രൂപമാണത്.
രചന: നിഷാദ് അഹമ്മദ്; സംഗീതം: വിദ്യാസാഗര്‍; ആലാപനം: റോഷ്നി സുരേഷ്.
''മുത്തു നീ മുല്ലമൊട്ടു നീ
മുത്തമിട്ടു നിന് മേലാകെ
പൊട്ടുനീ ചെല്ലപ്പൊട്ടു നീ
ചന്തമിട്ടു നിന് ചേലാകെ
തത്തിത്തത്തിപ്പാറും
തത്തമ്മേ നീയാട്
കുക്കു കുക്കു കൂകി
മുക്കുറ്റിക്കിളി പാട്
നിന് കൂട്ടില്‍ കൂട്''
ആരെ ഉദ്ദേശിച്ചായാലും മുത്തും മുല്ലമൊട്ടും എന്നു സങ്കല്‍പ്പിച്ചതും അതിന്റെ മേലാകെ മുത്തമിട്ടതും സഹിക്കാം. പക്ഷേ 'പൊട്ടു നീ ചെല്ലപ്പൊട്ടു നീ' എന്നു കേള്‍ക്കുമ്പോള്‍ അതിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച് നാം ചിന്തിച്ചുപോകും. 'ചന്തമിട്ടു നിന് ചേലാകെ' എന്ന പടുവങ്കത്തം വിളമ്പാന്‍ ഭാഷയെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവര്‍ക്കേ സാധിക്കൂ..
ചന്തം, ചേല് എന്നീ രണ്ട് വാക്കുകള്‍ക്കും ഭംഗി എന്നാണ് അര്‍ത്ഥമുള്ളതെന്ന് അറിഞ്ഞുകൊണ്ടായിരിക്കുമോ നിഷാദ് അഹമ്മദ് ഇപ്രകാരം എഴുതിയത്?
പുനരുക്തിദോഷം ഭാഷയുടെ ശാപമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
മുക്കുറ്റിക്കിളി ഗാനരചയിതാവ് സ്വന്തം കൂട്ടില്‍ വിരിയിച്ചെടുത്ത ഒന്നാണ്. കവികള്‍ ഇങ്ങനെ ചില സ്വാതന്ത്ര്യം എപ്പോഴും എടുക്കാറുണ്ട്. അതിനാല്‍ അതിനെക്കുറിച്ച് നാം കൂടുതല്‍ വ്യാകുലപ്പെട്ടിട്ട് കാര്യമില്ല.
''വഴിദൂരമൊഴുകുന്ന
വാല്ത്താരകം നീ
ഇനിയേതു തിരി നിന്റെ
വഴികാട്ടുമോ
മിഴിതന്നിലെരിയുന്ന
നിന് മോഹമാകെ
നിറവാര്‍ന്നു നിറവാര്‍ന്നു
നീ പാഞ്ഞു
മാലാഖ നീയേ
മഞ്ചാടി നീയേ
മാനത്തു നിന്നേ
താരം നോക്കുന്നേ
നീ വായോ വായോ''
ഗാനരചനയുടെ പൊതുതത്ത്വം പോലും പാലിക്കാതെയാണ് നിഷാദ് ഈ വരികള്‍ കുത്തിക്കുറിച്ചിരിക്കുന്നത്. ഒരേ വാക്കുകളുടെ ആവര്‍ത്തനം ഗാനത്തെ കൂടുതല്‍ ബാലിശമാക്കുന്നു. 'വഴിദൂരമൊഴുകുന്ന' പോലെയുള്ള അസഹനീയമായ പ്രയോഗങ്ങളുമുണ്ട്.
തോന്നിയതുപോലെ പലതും എഴുതി വച്ചിരിക്കുന്നു എന്നല്ലാതെ ഗാഢമായ ചിന്തയ്ക്ക് പാട്ടെഴുത്തുകാരന് സമയം കണ്ടെത്തിയിട്ടില്ല. 'വാല്ത്താരകമാണു നീ' എന്ന് ഒരിടത്തു പറഞ്ഞ രചയിതാവ് മറ്റൊരിടത്ത് 'താരകം നോക്കുന്ന നീ വായോ വായോ' എന്നും എഴുതുന്നു. ത്യാജ്യഗ്രാഹ്യജ്ഞാനം (തള്ളേണ്ടതും കൊള്ളേണ്ടതും തിരിച്ചറിയാനുള്ള അറിവ്) എന്നൊന്നുണ്ട്. കവികള്‍ക്കും ഗാനരചയിതാക്കള്‍ക്കും ഈ ഗുണം അത്യന്താപേക്ഷിതമാണ്. അതൊന്നുമില്ലെങ്കിലും പാട്ടെഴുതാന്‍ പേനയും തുറന്നുപിടിച്ച് പലരും ഇറങ്ങിത്തിരിക്കുകയല്ലേ, എന്താ ചെയ്യുക?
മലയാളികള്‍ക്ക് ഇമ്പമുള്ള ഈണങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. ക്രമേണ ക്രമേണ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ശ്രവണസുഖം കുറഞ്ഞു വന്നു.
ഇപ്പോള്‍ അത് തീരെയില്ലാത്ത സ്ഥിതിയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ ഗാനം. റോഷ്നി സുരേഷിന്റെ ആലാപനവും ഭേദമല്ല. ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും എടുത്തുപറയാനില്ല.
ഇത്തരം നേര്ച്ചപ്പാട്ടുകളാണ് ഇന്നു പിറന്നുവീഴുന്നതില് ഏറിയ പങ്കും. ആരെഴുതി ആരു സംഗീതം നല്കി, ആരു പാടി എന്നതിനെക്കുറിച്ചൊന്നും ആര്‍ക്കും അറിയാന്‍ താല്പര്യമില്ലാത്തതിനാല് ഗാനവിഭാഗം എന്നൊന്ന് ഇക്കാലത്ത് ചലച്ചിത്രത്തിന്റെ ഭാഗമല്ലാതായിരിക്കുന്നു.
ഇങ്ങനെ പോയാല്‍ ഗാനങ്ങള്‍ ചലച്ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാലം അതിവിദൂരമല്ല.






