
കിയ എംപിവി കാർണിവല്ലിനുണ്ടായ അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വളരെ ആഗ്രഹത്തോടെയാണ് പലരും ഒരു വാഹനം സ്വന്തമാക്കുന്നത്. എന്നാൽ, സ്വന്തമാക്കിയ വാഹനം ഷോറൂമിൽ നിന്ന് പുറത്തിറക്കുമ്പോൾ തന്നെ അപകടമുണ്ടായാലൊ? അത് തെന്നെയാണ് ഇവിടെയും നടന്നത്.
ഏകദേശം 38 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഓട്ടമാറ്റിക് കാർ ഓടിക്കുന്നതിലെ ആശയക്കുഴപ്പാണ് അപകടം ഉണ്ടാവാൻ കാരണമെന്നാണ് കരുതുന്നത്. അപകടം നടന്ന സ്ഥലം വ്യക്തമല്ല. വാഹനം ഓടിക്കുന്നതെങ്ങനെയെന്ന് ഷോറൂം എക്സിക്യൂട്ടീവ് ഉടമയെ പറഞ്ഞു മനസിലാക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഷോറൂമിൽ നിന്ന് ഉടമ വാഹനം പുറത്തിറക്കുന്നതിനിടെ മുന്നിലെ മതിലിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സൂചന.
2.2 ലീറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന കിയ കാർണിവല്ലിന്റെ വില ആരംഭിക്കുന്നത് 24 ലക്ഷം രൂപ മുതലാണ്. മികച്ച പ്രതികരണമാണ് ഈ വർഷം ആദ്യം വിപണിയിലെത്തിയ ആഡംബര എംപിവിയായ കിയ കാർണിവല്ലിന് ലഭിക്കുന്നത്. ഫോക്സ്വാഗൻ പോളോ ഡെലിവറി എടുത്തപ്പോഴുണ്ടായ അപകടം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് ഈ വിഡിയോയും എത്തുന്നത്.






