
എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. വാഹനത്തിന്റെ എക്സ്ഷോറൂം വില 4.84 ലക്ഷം രൂപയാണ്. എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ 2020 ഓട്ടോ എക്സ്പോയിലാണ് കമ്പനി ആദ്യം എത്തിച്ചത്. നാല് വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. തുടക്ക പതിപ്പിന് 4.84 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 31.2 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു. 55 ലിറ്ററാണ് സിഎന്‍ജി ടാങ്കിന്റെ കപ്പാസിറ്റി. 998 സിസി, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രസോ S-സിഎന്‍ജിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 5,500 rpm -ല്‍ 67 bhp കരുത്തും 3,500 rpm -ല്‍ 90 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്സ്.
ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സൈഡ് (ഓപ്ഷണല്‍) എയര്‍ ബാഗ്, ഇബിഡിയോടു കൂടിയ എബിഎസ്, പെഡസ്ട്രിയന്‍ സേഫ്റ്റി, ക്രാഷ് കംപ്ലിയിന്‍സ് എന്നിങ്ങനെ പത്തോളം സുരക്ഷ സംവിധാനങ്ങള്‍ വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ടാക്കോമീറ്ററും സ്പീഡോമീറ്ററും, ഇന്റീരിയറില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേയ്ക്ക് താഴെ ഒരു വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ് എന്നിവയും ലഭ്യമാകും. ഹാര്‍ടെക് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന എസ്-പ്രെസോയ്ക്ക് ആള്‍ട്ടോയ്ക്കും വാഗണ്‍ആറിനുമിടയിലായിട്ടാണ് മാരുതി സ്ഥാനം നല്‍കിയിരിക്കുന്നത്.






