
കിയ കാർണിവല്ലിന്റെ പുതു മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനം ആണ് ഇത്. ഗ്ലോബൽ പ്രീമിയറിന് മുന്നോടിയായി കിയ തന്നെയാണ് വാഹനത്തിന്റെ ടീസർ ചിത്രം പുറത്തുവിട്ടത്. കാർണിവൽ 2022 ൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. ഈ വർഷം അവസാനം രാജ്യന്തര വിപണിയിൽ വാഹനം അരങ്ങേറുന്നുണ്ട്.
റിപ്പോർട്ട് പ്രകാരം പുതിയ വാഹനം നിലവിലെ കാർണിവല്ലിൽ നിന്ന് നിരവധി മാറ്റങ്ങളുമായിട്ടാണ് പുറത്തിറങ്ങുക. നിലവിലെ കാർണിവല്ലിനെക്കാൾ 40 എംഎം നീളവും 30 എംഎം വീൽബെയ്സും 10 എംഎം വീതിയും പുതിയ വാഹനത്തിനുണ്ടാകും. വാഹനത്തിന് നിർമാണം സിംഫോണിക് ആർക്കിടെക്ടർ എന്ന് കിയ വിളിക്കുന്ന പുതിയ ഡിസൈൻ ഭാഷ്യത്തിലാണ് . ടൈഗർ നോസ് ഗ്രില്ലും പുതിയ എൽഇഡി ലൈറ്റുകളുമുണ്ട്. രാജ്യാന്തര വിപണിയിൽ 1998ൽ പുറത്തിറങ്ങിയ കാർണിവല്ലിന്റെ രണ്ട് ദശലക്ഷം യൂണിറ്റുകൾ വിറ്റിട്ടുണ്ടെന്നാണ് കിയ പറയുന്നത്.
നിലവിൽ നിന്ന് വ്യത്യസ്തമായി വില കുറഞ്ഞ 11 സീറ്റ് വകഭേദവും പുതിയ മോഡലിന് ലഭിച്ചേക്കും. എന്നാൽ, കിയ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. എൻജിൻ വിവരങ്ങൾ കിയ പുറത്തുവിട്ടിട്ടില്ല. 2.2 ലീറ്റർ ഡീസൽ, 280 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റർ ഡീസൽ, 1.6 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എന്നിവ പുതിയ വാഹനത്തിൽ ലഭിച്ചേക്കാം.






