
ലഡാക്ക് സെക്ടറില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ചൈനീസ് അതിര്‍ത്തിയിലെ 32 റോഡ് പദ്ധതികളും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ആകെ 73 റോഡുകളുടെ നിര്‍മാണമാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നിലവില്‍ നടത്തുന്നത്. സിപിഡബ്ല്യുഡി 12, ബിആര്‍ഒ 61 റോഡുകള്‍ നിര്‍മിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണു നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുന്നത്. 2017 മുതല്‍ 2020 വരെ 470 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയത്. 2008-17 വരെയുള്ള വര്‍ഷങ്ങളില്‍ ഇത് 230 കിലോമീറ്റര്‍ ആയിരുന്നു. 2017-2020 വരെ 380 കിലോമീറ്റര്‍ ദൂരം അറ്റകുറ്റപ്പണികള്‍ നടത്തി. 2014 മുതല്‍ 2020 വരെ ആറ് തുരങ്കങ്ങളും ഇന്ത്യ നിര്‍മിച്ചു. 2014 നും 2020നും ഇടയില്‍ 4,764 കിലോമീറ്റര്‍ റോഡ് നിര്‍മാണമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്.
ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് നിര്‍മാണം നടത്തുന്നതില്‍ മൂന്ന് പ്രധാന റോഡുകള്‍ ലഡാക്കിലാണ്. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ജൂണ്‍ 15-16 ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.






