
ഈ വർഷത്തിന്റെ തുടക്കത്തിൽ ആണ് രണ്ടാം തലമുറ ക്രെറ്റ എസ്യുവിയെ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിൽ ആവതെറിപ്പിച്ചത്. ലോക്ക്ഡൗൺ ആയിരുന്നിട്ട് കൂടി ഈ വർഷം എത്തിയ പുത്തൻ ക്രെറ്റ വില്പനയിൽ മുന്നേറുകയാണ്. രണ്ടാം തലമുറ ക്രെറ്റ 5 സീറ്റർ വകഭേദത്തിൽ മാത്രമല്ല വില്പനക്കെത്തുക എന്നാണ് പുതിയ റിപോർട്ടുകൾ.
ഇപ്പോൾ ഒരു 7 സീറ്റർ വകഭേദം ഹ്യുണ്ടായ് നിർമിക്കുണ്ടെന്ന് തെളിയിക്കുന്ന സ്പൈ ചിത്രങ്ങൾ പുറത്തായി. ഈ വർഷം അവസാനത്തോടെ വില്പനക്കെത്തും എന്ന് പ്രതീക്ഷിക്കുന്ന 7 സീറ്റുള്ള ഹ്യുണ്ടായ് ക്രെറ്റയുടെ പേരിനെപ്പറ്റിയുള്ള ചില റിപോർട്ടുകൾ ഇപ്പോൾ ഉണ്ട്. മോട്ടോർ ബീം റിപ്പോർട്ട് അനുസരിച്ച് 7 സീറ്റുള്ള ഹ്യുണ്ടായ് ക്രെറ്റയ്ക്ക് അൽകാസർ എന്നാകും പേര്. ഇത് ഹ്യുണ്ടായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, അൽകാസർ എന്ന പേര് ഉപയോഗിക്കാനുള്ള അവകാശത്തിനായി ഏപ്രിൽ 13-ന് ഹ്യുണ്ടായ് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു എന്നാണ് സൂചന.
ലോകത്തെവിടെയും ഹ്യുണ്ടായ് അൽകാസർ എന്ന പേരിൽ ഒരു എസ്യുവി വിൽക്കുന്നില്ല. ഇന്ത്യയ്ക്കായുള്ള പ്രത്യേക മോഡലിനാണ് അൽകാസർ എന്ന പേര്. മാത്രമല്ല രേഖകളിൽ ഒരു സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിന് (എസ്യുവി) വേണ്ടിയാണ് ഈ പേര് എന്നുള്ളത് വ്യക്തമാണ് എന്നും മോട്ടോർ ബീം റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടുതന്നെ 7 സീറ്റുള്ള ഹ്യുണ്ടായ് ക്രെറ്റയ്ക്ക് തന്നെയാകണം അൽകാസർ എന്ന പേര് ലഭിക്കുക. 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, 113 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ എന്നീ എൻജിനുകൾ തന്നെയാവും ഹ്യുണ്ടായ് അൽകാസറിനും ലഭിക്കുക.






