
മലയാള സിനിമാ പ്രേമികളുടെ മനസിൽ ഒരു നൊമ്പരം ബാക്കിയാക്കിയാണ് സംവിധായകൻ സച്ചി അന്തരിച്ചത്. തീരാനോവിൽ കഴിയുകയാണ് പ്രിയപ്പെട്ടവർ. നടൻ പൃഥ്വിരാജ് തൻ്റെ ദുഖം വാക്കുകളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. സച്ചി തൻ്റെ ഹൃദയത്തോട് ഏറെ അടുത്തു നിന്നിരുന്ന വ്യക്തിയായിരന്നെന്ന് പൃഥ്വി മുൻപ് പറഞ്ഞിട്ടുണ്ട്. ഒരുപാട് നല്ല കഥകൾ അദ്ദേഹത്തിൻ്റെ പക്കലുണ്ടെന്നും എല്ലാം സ്ക്രീനിലെത്തണമെന്നുമാണ് ആഗ്രഹമെന്നും പൃഥ്വിരാജ് വിവധ അഭിമുഖങ്ങളിലായി വ്യക്തമാക്കിയിരുന്നു. പൃഥ്വിയുടെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ പൃഥ്വിരാജും ഇരുവരുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സച്ചിയുടെ ശേഷക്രിയകളെല്ലാം പൂർത്തിയായതിൻ്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സംസ്കാരാനന്തര ചടങ്ങുകൾക്ക് ശേഷം പിതൃപിണ്ഡം നദിയിലൊഴുക്കിയതിൻ്റെ ചിത്രമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സത്യം എന്ന തലക്കെട്ടോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ സത്യം എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചപ്പോൾ ഇൻസ്റ്റാഗ്രാമിൽ പൃഥ്വി ചിത്രം പങ്കുവെച്ചപ്പോൾ കുറിച്ചത് സച്ചി എന്നായിരുന്നു.
പൃഥ്വിയുടെ ചിത്രത്തിന് കമൻ്റുകളിലൂടെ ആരാധകർ തങ്ങളുടെ സങ്കടവും പങ്കുവെക്കുന്നുണ്ട്. സച്ചി ഒരിക്കലും മരിക്കുന്നില്ല, അദ്ദേഹത്തിന്റെ ഓരോ സിനിമകളിലൂടെയും അദ്ദേഹം പ്രേക്ഷക മനസ്സിൽ ഇനിയും ജീവിക്കുമെന്നാണ് ഒരു ആരാധകൻ്റെ കമൻ്റ്. ചിലരെ ഓർക്കാൻ ഈ ലോകത്തു നല്ലത് ഒന്നും ബാക്കി ഉണ്ടാവില്ല എന്നാൽ സച്ചി സാറിനെ കുറിചു ഇപ്പോളും നമ്മൾ സംസാരികുന്നു എന്നുള്ളതു തന്നെയാണ് സാറിനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നത്.






