
ആത്മസഖിയെന്ന പരമ്പരയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അവന്തിക മോഹന്‍. അന്യഭാഷാ താരമാണെങ്കില്‍ക്കൂടിയും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ആത്മസഖിയെന്ന പരമ്പര അവസാനിച്ചുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ആത്മസഖിക്ക് പിന്നാലെ താരം പ്രിയപ്പെട്ടവള്‍ എന്ന പരമ്പരയിലാണ് എത്തിയത്.
റെയ്ജന് രാജനായിരുന്നു ഇത്തവണയും ജോഡിയായെത്തിയത്. ഇരുവരുടേയും സ്ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അവന്തികയ്ക്ക് പിന്‍വാങ്ങേണ്ടി വന്നത്. ലോക് ഡൗണായതോടെ പരമ്പരകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ അവന്തിക സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം പരമ്പരയുടെ ചിത്രീകരണം പുനരാരംഭിച്ചുവെങ്കിലും അവന്തിക എത്തിയിരുന്നില്ല. യാത്ര ചെയ്ത് ലൊക്കേഷനിലേക്ക് എത്താന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നും അതിനാലാണ് പിന്വാങ്ങുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. കുടുംബത്തിന്റെ സുരക്ഷ കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് താരം പറഞ്ഞിരുന്നു.
ഇപ്പോള്‍ ഇതേ കുറിച്ച് കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. '' ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും ജൂനിയര്‍ ആര്ടിസ്റ്റിനും അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയായി രണ്ട് പരമ്പരകളുടെ ഷൂട്ടിംഗ് നിര്‍ത്തി വെക്കുകയായിരുന്നു. പ്രിയപ്പെട്ടവള്‍, പൂക്കാലം വരവായി ഷൂട്ടിംഗ് സംഘത്തിലുള്ളവരെല്ലാം സെല്‍ഫ് ക്വാറന്റൈനിലേക്ക് മാറിയിരിക്കുകയാണ്. വര്‍ക് ഹോളിക്കാണ് ഞാന്‍. കുഞ്ഞിനേയുമെടുത്താണ് ഷൂട്ടിംഗിനായി വരാറുള്ളത്. അഭിനയം എന്റെ പാഷനായതിനാല്‍ ഉപേക്ഷിക്കാനാവില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. കുടുംബത്തിലുള്ളവരും ഈ സമയത്ത് ഷൂട്ടിംഗിനായി വിടുന്നില്ല. ജീവനും ജീവിതത്തിനും ഭീഷണിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പ്രിയപ്പെട്ടവള്‍ ടീമിലെ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് കരുതുന്നു'' അവന്തിക പറയുന്നു.






