
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ വിയോഗം സിനിമാ ആസ്വാദകർക്കിടയിലും ചലച്ചിത്ര മേഖലയിലുള്ളവർക്കിടയിലും വലിയ വേദനയായി തുടരുകയാണ്. താരത്തിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളും നിരവധി പേർ പങ്കുവച്ചു. താരത്തിന്റെ പഴയ വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ എറെ ശ്രദ്ധിക്കപ്പെട്ടു.
ടിക് ടോക് താരവും ടെലിവിഷൻ അവതാരകയുമായ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച ഒരു വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സൗഭാഗ്യയുടെ മുത്തശ്ശിയും നടി താരാ കല്യാണിന്റെ മാതാവും അഭിനേത്രിയുമായ സുബ്ബലക്ഷ്മിയുടെ കൂടെ സുശാന്ത് നൃത്തം വയ്ക്കുന്ന വിഡിയോ ആണ് സൗഭാഗ്യ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. 'കല്യാണ രാമൻ' എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുബ്ബലക്ഷ്മി.
അമ്മമ്മയും സുശാന്തും, രണ്ടു പേരും മുഴുവൻ പോസിറ്റിവിറ്റിയോടെ എന്ന ക്യാപ്ഷനോട് കൂടെയാണ് സൗഭാഗ്യ ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്. ടിക്ടോക്കിൽ സജീവമാണ് സൗഭാഗ്യയും ജീവിത പങ്കാളി അര്ജ്ജുന് സോമശേഖരനും. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമുള്ള വിഡിയോകളും സൗഭാഗ്യ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്ക്കാറുണ്ട്.






