
മലപ്പുറം: കേരളഫുട്ബോളിലെ മാന്ത്രികനായി മാറിക്കൊണ്ടിരിക്കുന്ന മിഷാൽ അബുലൈസ് വീണ്ടും ഞെട്ടിക്കുന്നു. മെസ്സിയെ അനുകരിച്ച് ഗോൾ പോസ്റ്റിന്റെ ഇടതു മൂലയിൽ തൂക്കിയിട്ട വളയത്തിലൂടെ ഉന്നം തെറ്റാതെ നിറയൊഴിച്ചതോടെ വന്‍ ഹിറ്റായി മാറിയ അബുലൈസ് ഇത്തവണ സീറോ ആംഗിള്‍ ഗോളിലൂടെ ജർമൻ താരം ടോണി ക്രൂസിന്റെ ഒളിംപിക് ഗോളിനെ അനുകരിച്ചതാണ് ശ്രദ്ധേയമായിരിക്കുന്നത്.
മിഷാലിന്റെ പുതിയ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ലയണൽ മെസ്സിക്കു ജന്മദിനാശംസകൾ നേർന്ന് മിഷാൽ അബുലൈസ് കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ 30 ലക്ഷം പേരാണു കണ്ടത്. 12 വയസ്സുകാരനായ മിഷാൽ നിലമ്പൂർ മമ്പാട് സ്വദേശിയും മമ്പാട് ഗവ.സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്. ലയണൽ മെസ്സിയുടെ മാനറിസങ്ങളുമായി നടത്തിയ ഫ്രീകിക്ക് പ്രകടനത്തോടെയാണു രാജ്യാന്തര ശ്രദ്ധ നേടിയത്.
രാജ്യാന്തര മാധ്യമങ്ങളടക്കം ഏറ്റെടുത്ത ആ ഫ്രീകിക്ക് പ്രകടനം ഇതുവരെ 84 ലക്ഷം പേർ ഇഎസ്പിഎന്നിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കണ്ടുകഴിഞ്ഞു. ഫുട്ബോളിനു മുകളിൽ കയറിനിന്ന്, കഴുത്തിനു മുകളിൽ പന്തുവച്ച് അണിഞ്ഞിരിക്കുന്ന ജഴ്സി ഊരുന്ന മിഷാലിന്റെ മറ്റൊരു കിടിലൻ പ്രകടനവും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറിന്റെയും ഗോൾ നേട്ടങ്ങൾ അനുകരിച്ച് തയ്യാറാക്കിയ വീഡിയോയും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.






