
2019 മേയിലാണ് ഹ്യുണ്ടായി വെന്യു എന്ന സബ് കോംപാക്ട് എസ്യുവി ഇന്ത്യയിൽ എത്തുന്നത്. റിപ്പോർട്ട് അനുസരിച്ച് പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ വെന്യുവിന്റെ ഒരു ലക്ഷം യൂണിറ്റാണ് നിരത്തില്‍ കുതിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം കാരണം 2019 വാഹനനിർമാതാക്കൾക്ക് പൊതുവെ വെല്ലുവിളിയുടെ വർഷമായിരുന്നു. ഈ പ്രതികൂല സാഹചര്യത്തിലും ഹ്യുണ്ടായ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇതിന്റെ പ്രധാന ക്രെഡിറ്റ് വെന്യുവിന് അവകാശപ്പെട്ടതാണ്. ഇന്ത്യൻ നിരത്തുകളിൽ വെന്യുവിന്റെ 97,400 യൂണിറ്റ് എത്തിയപ്പോൾ 7400 യൂണിറ്റാണ് കയറ്റി അയച്ചത്. 2020-ലെ കാർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത് വെന്യുവിന്റെ വിൽപ്പനയ്ക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ടെന്ന് ഇതിൽ നിന്നും മനസിലാക്കാം. ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ്യുവിയായാണ് വെന്യു എത്തിയത്.
ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത് 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസൽ എൻജിൻ ശേഷി 1.5 ലിറ്ററായി ഉയർത്തി. ഏറ്റവുമധികം ജനപ്രീതി നേടിയത് 1.0 ലിറ്റർ ടർബോ എൻജിൻ മോഡലാണ്. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായിയാണ് വാഹനം എത്തിയത്.






