
ചെന്നൈ: ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കാത്തതിന് ഭര്‍ത്താവിനോടു പിണങ്ങിയ 28കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. ചെന്നൈ മഹാബലിപുരത്തുള്ള മനോഹരന്റെ ഭാര്യ സൗമ്യ(28)യാണ് മരിച്ചത്.
മനോഹരനോട് ബിരിയാണി വാങ്ങിനല്‍കാന്‍ സൗമ്യ ആവശ്യപ്പെട്ടു. എന്നാല്‍, മനോഹരന് ഹോട്ടലിലെത്തിയപ്പോള്‍ ചിക്കന്‍ ബിരിയാണി തീര്‍ന്നതിനാല്‍ കുഷ്ക(ഒരു ദക്ഷിണേന്ത്യന്‍ വിഭവം) വാങ്ങി വീട്ടിലെത്തി. പുതുതായി തുടങ്ങിയ ഹോട്ടലില്‍ ഒരു ബിരിയാണി വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യമാണെന്ന് അറിഞ്ഞാണ് ബിരിയാണി വേണമെന്ന് സൗമ്യ വാശിപിടിച്ചത്.
ഭാര്യ വഴക്കടിച്ചതോടെ മനോഹരന് കുഷ്ക അയല്‍വാസിക്ക് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മനോഹരനോട് വഴക്കിട്ട സൗമ്യ ഇയാള്‍ പുറത്തു പോയ സമയത്ത് ടെറസിലെത്തി തീകൊളുത്തുകയായിരുന്നു. സൗമ്യ സ്വയം തീകൊളുത്തുന്നതുകണ്ട അയല്‍ക്കാര്‍ ഓടിയെത്തി യുവതിയെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.






