
മുൻന്നിര ചൈനീസ് കമ്പനിയായ വണ്പ്ലസ് കഴിഞ്ഞ വർഷമാണ് തങ്ങളുടെ സ്മാർട്ട് ടിവി ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചത്. കുറേകൂടി വിലക്കുറവുള്ള സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വൺപ്ലസ്. ലോഞ്ചിന് മുന്നോടിയായി ഇ കോമേഴ്സ് വെബ്സൈറ്റ് ആയ ആമസോൺ വഴി സ്മാർട്ട് ടിവികൾക്കായുള്ള പ്രീബുക്കിംഗ് വൺപ്ലസ് ആരംഭിച്ചു കഴിഞ്ഞു.
വൺപ്ലസ് തങ്ങളുടെ പുത്തൻ, വിലക്കുറവുള്ള സ്മാർട്ട് ടിവി ശ്രേണി അടുത്ത മാസം രണ്ടാം തിയതിയാണ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 20,000-ൽ താഴെയായിരിക്കും പുത്തൻ ശ്രേണിയിലുള്ള ടിവികളുടെ വില്പന ആരംഭിക്കുക എന്ന് വ്യക്തമാക്കി വൺപ്ലസ് ഇന്ത്യ തന്നെ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ പുത്തൻ ടിവി ശ്രേണിയെപ്പറ്റിയുള്ള ചില വിവരങ്ങൾ വൺപ്ലസ് സിഇഓ പീറ്റ് ലൗ തന്നെ ആൻഡ്രോയിഡ് സെൻട്രൽ എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പുറത്തുവിട്ടു.
വൺപ്ലസ് സ്മാർട്ട് ടിവിയുടെ സ്ക്രീൻ-ടു-ബോഡി അനുപാതം 95 ശതമാനം ആയിരിക്കും എന്നും പീറ്റ് ലൗ വ്യക്തമാക്കി. അതായത് വളരെ നേരിയ ബോഡി പാനലുകൾ മാത്രമേ മുൻ വശത്ത് ടിവിയ്ക്കുണ്ടാകൂ. 90 ഡിഗ്രി വരെ തിരിക്കാൻ പറ്റുന്ന സ്പീക്കർ സംവിധാനം 50 കൂടുതൽ ബാസ്സ് നൽകും എന്ന് പീറ്റ് ലൗ അവകാശപ്പെടുന്നു. സിനിമാറ്റിക് ഡിസ്പ്ലേ, ഡോൾബി വിഷൻ, നെറ്റ്ഫ്ലിക്സ് ആപ്പ് എന്നിവ ചേർന്നാകും പുത്തൻ സ്മാർട്ട് ടിവി എത്തുക എന്നാണ് സൂചന. 32-ഇഞ്ച്, 43-ഇഞ്ച് എന്നിങ്ങനെ രണ്ട് വലിപ്പത്തിലാണ് പുത്തൻ വൺപ്ലസ് സ്മാർട്ട് ടിവികൾ വില്പനക്കെത്തുക എന്നാണ് റിപ്പോർട്ട്.






