
ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്യുവി എന്നറിയപ്പെടുന്ന ബെന്റ്ലി ബെന്റേഗ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പുമായി ജൂൺ 30-ന് വിപണിയിൽ എത്തും. ബ്രീട്ടീഷ് ബ്രാൻഡ് വാഹനത്തിന്റെ പുതിയ ടീസർ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. 2020 ബീജിംഗ് മോട്ടോർ ഷോയിൽ ഫെയ്സ്ലിഫ്റ്റ് ബെന്റേഗ എസ്യുവിയുടെ ആഗോള അവതരണം നടത്താമെന്നാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ബെന്റ്ലി തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
ബെന്റ്ലി പങ്കിട്ട ടീസർ വീഡിയോ മോഡലിന്റെ ചില സവിശേഷതകൾ വ്യക്തമാക്കുന്നു. സ്റ്റിയറിംഗ് വീൽ, സ്പീക്കർ, അലോയ് വീലുകൾ, പുതിയ ഓവൽ ആകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, അനലോഗ് ക്ലോക്ക്, സ്പീഡോമീറ്റർ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ സവിശേഷതകൾ ബെന്റ്ലി ബെന്റേഗ ഫെയ്സ്ലിഫ്റ്റിന്റെ ടീസർ വീഡിയോ വെളിപ്പെടുത്തുന്നു. ബെന്റ്ലിയുടെ പുതിയ ബിയോണ്ട് 100 ബിസിനസ് തന്ത്രത്തിന് കീഴിൽ പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യ മോഡലാകും 2021 ബെന്റേഗ.






