
പാമ്പ് എന്ന് കേട്ടാല്‍ തന്നെ ഓടുന്നവരാണ് നമ്മള്. എന്നാല്‍ പാമ്പിനെ പല തരം വിഭവങ്ങളാക്കി മാറ്റി ഭക്ഷിക്കുന്ന ഒരിടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. വിയറ്റ്നാമീസ് ഗ്രാമമായ ലേ മാറ്റിലെ ആളുകളാണ് പാമ്പിനെ ഭക്ഷിക്കുന്നത്. ഈ ഗ്രാമത്തെ വിളിക്കുന്നത് തന്നെ 'സ്നേക്ക് വില്ലേജ്' എന്നാണ്. പാമ്പിനെ ഭക്ഷിക്കുന്ന രീതി ആയിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടുള്ളവര്‍ ആരംഭിച്ചത്. പാമ്പുകളെ കഴിക്കുന്നത് പൗരുഷത്തിന്റെ ലക്ഷണമായാണ് വിയറ്റ്നാമിലെ ആളുകള്‍ കരുതുന്നത്.
പാമ്പിനെ ഭക്ഷിക്കുന്നത് ശരീരത്തിനു കരുത്തും ലൈംഗികശേഷിയും കൂടുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. പാമ്പു വൈന്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ലേ മാറ്റ് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പറയുന്നു. മൂര്‍ഖന്‍ പാമ്പിനെ ഇട്ടു വച്ച് ഉണ്ടാക്കിയ വൈന്‍, മൂര്‍ഖന്‍, വെള്ളിക്കെട്ടന്, പച്ചിലപ്പാമ്പ് എന്നീ മൂന്നു തരം പാമ്പുകളെ ഇട്ട വൈന്‍, മൂര്‍ഖന്‍, വെള്ളിക്കെട്ടന്, പച്ചിലപ്പാമ്പ്, ചേര, ബഫലോ സ്നേക്ക് എന്നിങ്ങനെ അഞ്ചു തരം പാമ്പുകളെ ഇട്ട വൈന്‍ എന്നിവ ഇവിടെ ലഭ്യമാണ്. ജീവനോടെയും അല്ലാതെയും പാമ്പുകളെ ഇട്ട് വൈനുകള്‍ നിര്‍മിക്കുന്നുണ്ട്.
വര്‍ഷംതോറും മാര്‍ച്ചില്‍ ലേ മാറ്റില്‍ നടക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവമാണ് സ്നേക്ക് ഫെസ്റ്റിവല്‍. പതിമൂന്ന് കാര്‍ഷിക ഗ്രാമങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് 20 മുതല്‍ 24 വരെയാണ് ഈ ഉത്സവം നടക്കുന്നത്. പാമ്പിനെ പിടിക്കുന്നതും ഇണ ചേര്‍ക്കുന്നതും ഇവിടെ പതിവാണ്. പാമ്പു വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്റോറന്റുകളാണ് ധാരാളമുണ്ട്. പാമ്പുകളെ വളര്‍ത്തുന്ന നൂറോളം കുടുംബങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ 400 ഓളം പേര് ജോലി ചെയ്യുന്നു. എല്ലാ ദിവസവും ആയിരത്തോളം വിദേശ സഞ്ചാരികള്‍ പാമ്പുകളെ കാണാനായി ലേ മാറ്റില്‍ എത്താറുണ്ട്.






