
ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞ ദിവസം എക്സ്ട്രീം കുടുംബത്തിലെ പുത്തൻ താരം എക്സ്ട്രീം 160ആറിനെ വില്പനക്കെത്തിച്ചു. ബജാജ് പൾസർ എൻഎസ് 160, സുസുക്കി ജിക്സർ, ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി എന്നീ മോഡലുകളായിരിക്കും ഹീറോയുടെ പുത്തൻ ബൈക്കിന്റെ എതിരാളികൾ.ഹീറോ എക്സ്ട്രീം 160ആർ യഥാർത്ഥത്തിൽ മാർച്ച് അവസാനത്തോടെ വില്പനക്കെത്തേണ്ടതായിരുന്നു. എന്നാൽ, കൊറോണ വൈറസിന്റെ വ്യാപനവും തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും ലോഞ്ച് അംശിചിതമായി നീട്ടി.
ഫ്രന്റ് ഡിസ്ക്, ഡ്യുവൽ ഡിസ്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹീറോ എക്സ്ട്രീം 160ആർ വില്പനക്കെത്തിയിരിക്കുന്നത്. ഫ്രന്റ് ഡിസ്കിന് 99,950 രൂപയും ഡ്യുവൽ ഡിസ്കിന് 1,03,500 രൂപയുമാണ് എക്സ്-ഷോറൂം വില. 2019-ൽ ഇറ്റലിയിലെ മിലാനിൽ നടന്ന EICMA മോട്ടോർസൈക്കിൾ എക്സിബിഷനിൽ ഹീറോ അവതരിപ്പിച്ച സ്റ്റൈലിഷായ എക്സ്ട്രീം 1.R എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാമാക്കിയാണ് എക്സ്ട്രീം 160ആർ നിർമിച്ചിരിക്കുന്നത്. വൈബ്രന്റ് ബ്ലൂ, പേൾ സിൽവർ വൈറ്റ്, സ്പോർട്സ് റെഡ് എന്നിങ്ങനെ 3 നിറങ്ങളിലാണ് എക്സ്ട്രീം 160ആർ വില്പനക്കെത്തിയിരിക്കുന്നത്.
എക്സ്ട്രീം 160 ആറിന്റെ കരുത്ത് ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 160 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ്. ഈ എൻജിൻ 8,500 ആർപിഎമ്മിൽ 15 ബിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 14 എൻഎം പീക്ക് ടോർക്കും നിർമിക്കും. 5-സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സെഗ്മെന്റിലെ ഏറ്റവും വേഗമേറിയ ബൈക്കാണ് എക്സ്ട്രീം 160ആർ.മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എക്സ്ട്രീം 160ആർ-ന് 4.7 സെക്കന്റ് മതി എന്നാണ് ഹീറോ അവകാശപ്പെടുന്നത്.






