മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍മ്മാതാവുമായ സഞ്ജയ് ലീല ബന്‍സാലിയെയും ശേഖര്‍ കപൂറിനെയും ചോദ്യം ചെയ്യും. സുശാന്ത് സിംഗ് രാജ്പുതിന് സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചാകും സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്യുക.
സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നില്‍ ബോളിവുഡിലെ സ്വജന പക്ഷപാതവും ഗൂഢസംഘങ്ങളും കാരണമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുശാന്തിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് സഞ്ജയ് ലീല ബന്‍സാലിയെയും ശേഖര്‍ കപൂറിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
സുശാന്തിന്റെ വളരെ അടുത്ത സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തി, നടി സഞ്ജന സിംഗ് എന്നിവരും താരത്തിന്റെ ബന്ധുക്കളും അടക്കം 28 പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. 34കാരനായ സുശാന്ത് സിംഗ് ജൂണ്‍ 14നാണ് മരിച്ചത്. മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്.






