
റിയാദ് : സൗദി അറേബ്യയിൽ നിന്ന് കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത് മിഷൻ നാലാം ഘട്ട വിമാന സർവീസിന് ഇന്ന് തുടക്കമാകും . റിയാദിൽനിന്ന് കോഴിക്കോട്ടേക്കും ദമാമിൽനിന്ന് കണ്ണൂരിലേക്കുമാണ് ഇന്ന് വിമാന സർവീസ് നടത്തുന്നത് . സൗദിയിലെ റിയാദ് ,ജിദ്ദ ,ദമ്മാം എന്നീ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്നും ഇന്ന് മുതൽ (ജൂലൈ മൂന്ന്) 10 വരെയുള്ള എട്ട് ദിവസത്തിനിടെ 11 വിമാനങ്ങളാണ് കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലേക്ക് സർവീസ് നടത്തുന്നത് . നാളെ (
ജൂലൈ നാല് ) റിയാദ്-തിരുവനന്തപുരം, ദമാം-കോഴിക്കോട്, അഞ്ചിന് ജിദ്ദ-കണ്ണൂർ, ആറിന് ദമാം-കൊച്ചി, ജിദ്ദ-കോഴിക്കോട്, ഏഴിന് റിയാദ്-കണ്ണൂർ, എട്ടിന് ജിദ്ദ-തിരുവനന്തപുരം, ഒമ്പതിന് ദമാം-തിരുവനന്തപുരം, പത്തിന് റിയാദ്-കൊച്ചി എന്നിങ്ങനെയാണ് ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോൾ എയർ ഇന്ത്യ കേരളത്തിലേക്ക് സർവീസ് നടത്തുന്നത് എന്ന പ്രത്യേകതയും നാലാം ഘട്ടത്തിനുണ്ട്. നേരത്തെ 1700 ലധികം റിയാൽ ഈടാക്കിയ സെക്ടറിൽ ഇപ്പോൾ 908 റിയാലാണ് (17,978 രൂപ ഏകദേശ കണക്കിൽ ) ആണ് നൽകേണ്ടുന്നത് . ഇതുവരെ വന്ദേ ഭാരത് മിഷൻ സർവ്വീസ് നടത്തിയതിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത് .
. സൗദിയിൽ കോവിഡ് അനിശ്ചിതത്വത്തിൽ നിന്ന് പതുക്കെ മുക്തമായി വരുന്നതും ചാർട്ടേഡ് വിമാനങ്ങൾ കൂടുതൽ സർവീസ് നടത്തുന്നതും കാരണം യാത്രക്കാരുടെ കുത്തൊഴുക്ക് ഒരു പരുധി വരെ കുറഞ്ഞിട്ടുണ്ട് . വന്ദേഭാരത് മിഷൻ (55 ), ചാർട്ടേഡ് വിമാനങ്ങൾ( 71 ) എന്നിവ വഴി 24,000 ത്തോളം പേരാണ് ഇതുവരെ ഇന്ത്യയിലേക്ക് പോയത്. 34 ചാർട്ടേഡ് വിമാനങ്ങളാണ് കേരളത്തിലേക്ക് മാത്രം സർവീസ് നടത്തിയത്. 20 ലധികം ചാർട്ടേഡ് വിമാനങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ കേരളത്തിലേക്ക് അനുമതി ലഭിച്ചതായി ഇന്ത്യൻ എംബസിയും അറിയിച്ചു .
വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ ചാർട്ടേഡ് വിമാനം ഒരുക്കി നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്നുണ്ടെങ്കിലും ഭീമമായ തുകയാണ് നൽകേണ്ടി വരുന്നത് കഴിഞ്ഞമാസം അവസാനം ദമാമിൽ നിന്നും കോഴിക്കോട്ടേക്ക് യാത്രതിരിച്ച പ്രവാസികൾ നൽകിയത് 2300 റിയാൽ ആയിരുന്നു (45540 രൂപ ഏകദേശ കണക്കിൽ ) .ജോലി നഷ്ടമായവരും കുഞ്ഞുങ്ങൾ അടക്കമുള്ള നാലംഗ കുടുംബങ്ങൾ നാട്ടിലേക്ക് യാത്ര ചെയ്യാൻ വേണ്ടി വരുന്ന 182160 രൂപയോളം വരും .അതേ സമയം കേരളത്തിലേക്ക് ചെറിയ സംഘടനകൾ പോലും ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ ഈ രംഗത്ത് മത്സരവും വർധിക്കുന്നതായാണ് റിപ്പോർട്ട് അതിനെ തുടർന്ന് ഇപ്പോൾ ടിക്കറ്റിൽ കൂടുതൽ ഇളവ് അനുവദിച്ചാണ് ഇപ്പോൾ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നത് .
നോർക്ക ഹെൽപ്പ് ഡെസ്ക്ക് ദമ്മാമിൽ നിന്നും കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള വിമാനത്തിൽ ടിക്കറ്റ് നിരക്ക് പി പി ഇ കിറ്റ് ഉൾപ്പെടെ 1520 റിയാൽ ആണ് ഈടാക്കിയിരുന്നത് . തുടർന്ന് മിക്ക സംഘടനയും നിരക്കിൽ ഇളവ് വരുത്തിയിട്ടുണ്ട് .ചില സംഘടനകൾ നിരക്ക് ഉയർത്തിയത് ടിക്കറ്റ് എടുക്കാൻ പണമില്ലാത്തവരെ സൗജന്യമായി നാട്ടിലെത്തിക്കാൻ ആണ് എന്നും പറയുന്നുണ്ട് .
അതേ സമയം ജോലിയും കൂലിയും ഇല്ലാതെ മാസങ്ങളോളം ഇവിടെ കഴിയുന്നവരെയും ,തുടർചികിത്സക്കായി നാടാണയാൻ കാത്തിരിക്കുന്നവരെയും നിരക്കിൽ കൂടുതൽ ഇളവ് വരുത്തി വന്ദേ ഭാരത് മിഷൻ പദ്ധതിയിൽ കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസ് ആരംഭിക്കണമെന്നാണ് പ്രവാസി മലയാളികളുടെ ആവശ്യം .
ചെറിയാൻ കിടങ്ങന്നൂർ -






