
മിമിക്രി കലാകാരൻ, നടൻ, സംവിധായകൻ എന്നതിലുപരി നല്ലൊരു ചിത്രകാരനും കൂടിയാണ് കോട്ടയം നസീർ. സിനിമകളും തിരക്കുകളും ഒഴിവായിക്കിട്ടിയ ലോക്ഡൗൺ വേളയിൽ തന്റെ ചിത്രരചന പൊടിതട്ടിയെടുത്ത് അ ദ്ദേഹം ഏവരെയും ഞെട്ടിച്ചത് നാൽപതിലേറെ ചിത്രങ്ങൾ വരച്ചാണ്.
ഇപ്പോഴിതാ തന്റെ ചിത്രരചനാ പാടവം പങ്കുവയ്ക്കാൻ പുതിയ യൂട്യൂബ് ചാനലുമായി രം ഗത്തെത്തിയിരിക്കുകയാണ് കോട്ടയം നസീർ. നടൻ മോഹൻലാലാണ് കോട്ടയം നസീറിന്റെ യൂട്യൂബ് പേജ് പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്.
മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ശ്രീ കോട്ടയം നസീർ, ഒരു മിമിക്രി കലാകാരനായും സിനിമയിലഭിനയിക്കുന്ന എൻ്റെ സഹപ്രവർത്തകനായും അറിയാവുന്നയാളാണ്. എന്നാൽ അദ്ദേഹം ഒരു ചിത്രകലാകാരൻ കൂടിയാണെന്നറിഞ്ഞതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ കുറെയധികം ചിത്രങ്ങൾ ഞാൻ കണ്ടിരുന്നു. ആ പെയിൻ്റിംഗുകളിൽ ചിലത് എനിക്കും സമ്മാനമായി നൽകിയിട്ടുണ്ട്.
ഈ ലോക് ഡൗൺ കാലത്ത് അദ്ദേഹം നാല്പതിലേറെ ചിത്രങ്ങൾ വരച്ചു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും തളരാതെ നമുക്ക് മുന്നോട്ടു പോയേ മതിയാകൂ എന്നു ലോകത്തിനു കാണിച്ചു കൊടുക്കാൻ കഴിയുന്ന നല്ല മാതൃകകളിലൊന്നാണിത്.
അദ്ദേഹത്തിൻ്റെ പുതിയ സംരംഭമായ കോട്ടയം നസീർ ആർട്ട് സ്റ്റുഡിയോ എന്ന യുട്യൂബ് ചാനലിന് എൻ്റെ എല്ലാവിധ ആശംസകളും.
ലോക്ഡൗണിൽ വരച്ച ചിത്രങ്ങൾ വിറ്റു കിട്ടിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് കോട്ടയം നസീർ കൈമാറിയിരുന്നു.






