
ഹ്യുണ്ടേയ് വെന്യുവിൽ ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷനുമായി എത്തിയിരിക്കുന്നു. വിപണിയിൽ തന്നെ ആദ്യമായാണ് ക്ലച്ചില്ലാത്ത മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടേയ് വെന്യു എത്തുന്നത്. ഈ മാസം വെന്യു ഐഎംടി വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഐഎംടി അവതരിപ്പിക്കുക കാപ്പ 1 ലീറ്റർ ടി–ജിഡിഐ പെട്രോൾ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പമായിരിക്കുമെന്നാണ് സൂചന.
ഐഎംടി സാങ്കേതികതയിൽ ഹൈഡ്രോളിക് അക്ചുവേറ്റർ, ഇൻടെൻഷൻ സെൻസർ, ട്രാൻസ്മിഷൻ കണ്ട്രോൾ യൂണിറ്റ് എന്നിവ അടങ്ങിയ ട്രാൻസ്മിഷൻ ഗിയർ ഷിഫ്റ്റാണ് ഉള്ളത്. ഗിയർ മാറ്റാൻ തുടങ്ങുമ്പോൾതന്നെ സെൻസറുകൾ ക്ലച്ച് പ്രവർത്തിപ്പിക്കുന്നു. അങ്ങനെ ക്ലച്ച് അമർത്താതെ തന്നെ ഡ്രൈവർക്ക് ഗിയർമാറ്റി സുഖകരമായി വാഹനമോടിക്കാം എന്നാണ് ഇതിന്റെ പ്രത്യേകത.
അടുത്തിടെയാണ് വെന്യുവിന്റെ ഡീസൽ ബിഎസ് 6 പതിപ്പ് വിപണിയിലെത്തിച്ചത്. 1.4 ലീറ്റർ ഡീസൽ എൻജിന് പകരം 1.5 യു2 സിആർഡിഐ എൻജിനുമായാണ് ബിഎസ്6 വെന്യു എത്തുന്നത്.വെന്യു ബിഎസ് 6 ഡീസലിന്റെ എക്സ്ഷോറൂം വില 8.19 ലക്ഷം മുതൽ 11.52 ലക്ഷം വരെയാണ്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വിപണിയിൽ ഒന്നാം വാർഷികം ആഘോഷിക്കുന്ന വെന്യുവിന്റെ വിൽപന ഒരു ലക്ഷം പിന്നിട്ടിരുന്നു. കൂടാതെ ഈ വർഷം മാർച്ച് മുതൽ ജൂൺ വരെ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ് കോംപാക്ട് എസ്യുവിയും വെന്യുവാണെന്നാണ് ഹ്യുണ്ടേയ് പറയുന്നത്.






