
കോഴിക്കോട്: ഓട്ടോ യാത്രയ്ക്കിടെ 65കാരിയായ വയോധികയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മുക്കം മുത്തേരിയില്‍ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധിക കൊള്ളയടിക്കപ്പെട്ടത്.
ഓമശ്ശേരിയിലെ ഒരു ഹോട്ടല്‍ ജീവനക്കാരിയായ വയോധികയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയതോടെയാണ് പീഡനവിവരം പുറത്തു വന്നത്. വൈദ്യപരിശോധനയിലാണ് ഇവര്‍ പീഡനത്തിനിരയായതായി തെളിഞ്ഞത്.
വയോധിക ജൂലൈ രണ്ടിന് ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് ഓട്ടോയില്‍ കയറിയത്. ഓട്ടോറിക്ഷക്കാരന് സമീപത്തെ ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. കൈകാലുകള്‍ കെട്ടിയിട്ട് വസ്ത്രങ്ങള്‍ കത്രികകൊണ്ട് മുറിക്കുകയും ചെയ്തുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
സംഭവം നടന്ന സമയത്ത് സമീപത്തെ മൊബൈല്‍ ടവറിന്റെ പരിധിയിലുള്ള നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്. ഈ മേഖലയിലുള്ള ഓട്ടോകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.






