
കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്, മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ കൊച്ചിയിൽ യോഗം ചേർന്നു എന്ന് ആരോപണം. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. എന്നാൽ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി യോഗം നിർത്തിവയ്ക്കണം എന്നാവശ്യപ്പെടുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.
എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കാനായി ഹോട്ടലിൽ എത്തിയിരുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ക്വാറന്റൈൻ ചെയ്ത ഹോട്ടലിലാണ് യോഗം എന്നാണ് വിവരം. ഹോട്ടൽ കണ്ടെയ്ൻമെന്റ് സോണിനോട് ചേർന്നാണെങ്കിലും ഇതിന്റെ മുൻവശം നാഷണൽ ഹൈവേയോട് ചേർന്നാണെന്ന് കൊച്ചി മേയർ സൌമിനി ജെയ്ൻ പ്രതികരിച്ചു. അത് അത് പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് നീങ്ങാനാകൂ എന്നും മേയർ വ്യക്തമാക്കി.
അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ യോഗത്തിൽ പങ്കെടുത്തിട്ടില്ല. ഇടവേള ബാബു, സിദ്ദിഖ്, ആസിഫ് അലി ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.






