കൊല്‍ക്കത്ത: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ വിവാദ പരാമര്‍ശവുമായി തൃണമുല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി. നിര്‍മ്മലാ സീതാരാമന് ഒരു വിഷപ്പാമ്പാണെന്ന് ബാനര്‍ജി പരിഹസിച്ചു. ധനവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം. ഇന്ധന വില വര്‍ദ്ധനവിനെതിരെ ബാങ്കുരയില്‍ നടന്ന ഒരു പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കല്യാണ്‍ ബാനര്‍ജി.
ആളുകളെ കൊല്ലുന്ന ഒരു വിഷപ്പാമ്പിനെപ്പോലെ, രാജ്യത്തെ ആളുകള്‍ ഒന്നൊന്നായി മരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത നിര്‍മ്മലാ സീതാരാമനാണ് ഇതിന് ഉത്തരവാദിയെന്നും ബാനര്‍ജി പറഞ്ഞു. ലോകത്തിലെ ഏറ്റവും മോശം ധനമന്ത്രിയാണ് നിര്‍മ്മലാ സീതാരാമനെന്നും ബാനര്‍ജി കുറ്റപ്പെടുത്തി.
അതേസമയം തൃണമുല്‍ എം.പിയുടെ പരിഹാസത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ബി.ജെ.പി നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍്റ് ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. തൃണമുല്‍ കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ നിന്ന് അഴിമതി വ്യാപിച്ചിരിക്കുകയാണ്. ആഭ്യന്തര പ്രശ്നങ്ങളില്‍ പാര്‍ട്ടി നട്ടംതിരിയുകയാണെന്നും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ദിലീപ് ഘോഷ് ആരോപിച്ചു.






