
കഴിഞ്ഞ വര്‍ഷം ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ച പത്താം തലമുറ സിവിക്കിലും ബിഎസ്-6 എന്ജിന് ഒരുങ്ങുന്നു. സിവിക്കിന്റെ ഡീസല്‍ മോഡലാണ് ബിഎസ്-6 എന്‍ജിനില്‍ അവതരിപ്പിച്ചിരിക്കുന്നത്. VX, ZX എന്നീ രണ്ട് വേരിയന്റുകളില്‍ മോഡൽ എത്തുന്നു. 20.75 ലക്ഷം രൂപ മുതല്‍ 22.35 ലക്ഷം രൂപ വരെയാണ് മോഡലിന്റെ ഡല്‍ഹിയിലെ എക്സ്ഷോറും വില എന്നാണ് റിപ്പോർട്ട്.
തുടക്കത്തില്‍ തന്നെ ബിഎസ്-6 എന്‍ജിനിലാണ് സിവികിന്റെ പെട്രോള്‍ മോഡലില്‍ എത്തിയത്. റിപ്പോർട്ട് പ്രകാരം സിവിക്കിന്റെ 1.6 ലിറ്റര്‍ ഐ-ഡിടിഇസി ഡീസല്‍ എന്‍ജിനാണ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നത്. ഈ എന്ജിന് 118 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ് ട്രാന്സ്മിഷന്. 26.8 കിലോ മീറ്റര്‍ മൈലേജാണ് ബിഎസ്-4 ഡീസല്‍ എന്ജിന് സിവിക് നല്‍കിയിരുന്നത്. എന്നാല്‍, ബിഎസ്-6 മോഡലിൽ മൈലേജ് 23.9 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവയാണ് സിവിക്കിന് സുരക്ഷയൊരുക്കുന്നത്. എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവയാണ് സിവിക്കിന്റെ ഇന്റീരിയറിലെ സവിശേഷതകൾ. പത്താം തലമുറ സിവിക് സ്പോര്‍ട്ടി ഭാവം കൈവരിച്ചാണ് എത്തിയത്.
മുന്‍വശത്തെ അലങ്കരിക്കാൻ പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവ ഉണ്ട്. പിന്‍ഭാഗം മനോഹരമാക്കുന്നത് ബൂട്ട് ഡോറിലേക്ക് നീളുന്ന സിഷേപ്പ് എല്‍ഇഡി ടെയ്ല് ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്രോമിയം ക്യാറക്ടര്‍ ലൈന്‍ നല്‍കിയിട്ടുള്ള സ്കിഡ് പ്ലേറ്റ് എന്നിവയാണ്.






