
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു മിനി അപ്പാര്‍ട്മെന്റിന്റെ ചിത്രമാണ് ഏവരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഒരു അടുക്കളയുടെ ചിത്രമാണ് ബ്രൂക്ലിനില്‍ നിന്നുള്ള ആഞ്ചലിക്ക അല്സോനാ എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഒറ്റ നോട്ടത്തില്‍ ഒരു ഗംഭീര അടുക്കള എന്നല്ലാതെ മറ്റൊന്നും തോന്നില്ല. എന്നാല്‍ വീണ്ടും നോക്കുമ്പോഴാണ് ഒരു വലിയ ആശയക്കുഴപ്പം നമുക്കുണ്ടാകുന്നത്.
എന്താണെന്നല്ലേ...?. അടുക്കളയ്ക്കുള്ളില്‍ ഒരു വലിയ ബാത്ത്ടബ്ബ് നിര്‍മ്മിച്ചിരിക്കുന്നു. അപ്പോള്‍ തന്നെ ഇനി അത് ഒരു ബാത്ത്റൂമിന്റെ ചിത്രമാണോയെന്നാണ് ഏവര്‍ക്കും ആശയക്കുഴപ്പം ഉണ്ടാകുന്നത്. തനിച്ചു താമസിക്കുന്നവര്‍ക്കായി നിര്‍മിക്കുന്ന ചെറിയ അപ്പാര്‍ട്മെന്റുകളില്‍ പലതും കഴിവതും ഓപ്പണ്‍ ശൈലിയിലായിരിക്കും നിര്‍മിക്കുക. എങ്കിലും അടുക്കളയിലൊക്കെ ബാത്ത്ടബ്ബോ...അത് കുറച്ച് കടുപ്പമല്ലേയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. അടുക്കളയില്‍ ഭക്ഷണം വേവുന്നതിനൊപ്പം കുളിയും നടക്കുമെന്നാണ് രസകരമായ കമന്റുകള്‍.
ഒരുലക്ഷത്തി ഇരുപത്തിമൂവായിരം രൂപയാണ് ഇവിടുത്തെ വാടക. വിശാലമായ ഇടത്തിന് അമിത തുക ഈടാക്കാതെ ഒരു അപ്പാര്‍ട്മെന്റ് സ്വന്തമാക്കാം എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ വൈറലാകുന്നത്. ഇതൊക്കെ ആര് വാങ്ങാന്‍ എന്ന് പറഞ്ഞവര്‍ക്ക് മറുപടിയും എത്തി. പരസ്യം ചെയ്ത് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ അപ്പാര്‍ട്മെന്റില്‍ ഒരാള്‍ താമസിക്കാനെത്തുകയും ചെയ്തു.






