
ടൊവിനോ തോമസ് നായകനാവുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വി എസ് ആണ്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത്. യദു പുഷ്പാകരനും രോഹിതും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം അഖിൽ ജോർജ്. അഡ്വഞ്ചർ കമ്പനിയുടെ ബാനറിൽ സിജു മാത്യു, നാവിസ് സേവ്യർ എന്നിവരാണ് നിർമ്മാണം. ടൊവീനോയും രോഹിത്തും അഖിൽ ജോർജും സഹനിർമ്മാതാക്കളാണ്.
രണ്ട് ചിത്രങ്ങളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസിന് തയ്യാറെടുക്കവേയാണ് കോവിഡ് വ്യാപനം രൂക്ഷമാവുന്നതും തീയേറ്ററുകൾ അടച്ചിടേണ്ടി വരുന്നതും. ബേസിൽ ജോസഫ് ഒരുക്കുന്ന മറ്റൊരു ചിത്രം മിന്നൽ മുരളിയുടെ ചിത്രീകരണവും കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയായിരുന്നു.






