
മുംബൈ: നടന് അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചതായി വാര്‍ത്ത. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അമിതാഭ് ബച്ചനും തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇരുവരും മുംബൈ നാനവതി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇരുവര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചതോടെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നും അമിതാഭ് ബച്ചന് അറിയിച്ചിരുന്നു. പിന്നാലെയാണ് തനിക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം അഭിഷേക് ബച്ചന് അറിയിച്ചത്. എന്നാല്‍, ഐശ്വര്യ റായുടെയും ജയാ ബച്ചന്റെയും ഫലങ്ങള്‍ നെഗറ്റീവാണ്.
മാര്‍ച്ച് 25 മുതല്‍ ജുഹുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാഭ് ബച്ചന്. കോന്‍ ബനേഗാ കരോട്പതി അടക്കം തന്റെ ചില ടെലിവിഷന്‍ ഷോയുടെ പ്രചാരണ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബച്ചന് ഷൂട്ട് ചെയ്തിരുന്നു. ചാനല്‍ സംഘാംഗങ്ങള്‍ വീട്ടിലെത്തിയായിരുന്നു ഷൂട്ടിംഗ്. ഇവരില്‍ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സൂചന.






