
ഉപയോക്താക്കൾക്ക് അതിവേഗ ഡേറ്റയും മുൻഗണനാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ടെലികോം സേവനദാതാക്കളായ എയർടെല്ലിന്റെ പ്ലാറ്റിനം, വോഡഫോൺ ഐഡിയയുടെ റെഡ് എക്സ് പ്രീമിയം പ്ലാനുകളെല്ലാം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വിലക്കി.
എയർടെലിനോടും വോഡഫോൺ ഐഡിയയോടും മുൻഗണനാ പ്ലാനുകൾ ബ്ലോക്ക് ചെയ്യാൻ നേരത്തെ തന്നെ ട്രായ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇത് പ്ലാനുകള്‍ വിലക്കിയെന്ന് റിപ്പോർട്ട്. മറ്റ് സബ്സ്ക്രൈബർമാർക്കുള്ള സേവനങ്ങളിൽ കുറവ് വരുത്തിയാണ് പുതിയ പ്ലാനിലുള്ളവർക്ക് നെറ്റ്വർക്ക് മുൻഗണന നൽകുന്നതെന്ന് രണ്ട് ഓപ്പറേറ്റർമാരെയും ട്രായി ചോദ്യം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ചോദ്യങ്ങളോട് പ്രതികരിക്കാൻ ട്രായ് ഏഴ് ദിവസത്തെ സമയം നൽകി.
എല്ലാ ഉപഭോക്താക്കൾക്കും മികച്ച നെറ്റ്വർക്കും സേവന അനുഭവവും ഞങ്ങൾ നൽകുന്നുണ്ടെന്ന് എയർടെൽ വക്താവ് പിടിഐയോട് പറഞ്ഞു. എയർടെൽ 4 ജി നെറ്റ്വർക്കിൽ പോസ്റ്റ്പെയ്ഡ് കണക്ഷനായി പ്രതിമാസം 499 രൂപയും അതിന് മുകളിലുമുള്ള പ്ലാറ്റിനം മൊബൈൽ ഉപഭോക്താക്കൾക്ക് മുൻഗണന നൽകുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കമ്പനി പ്രഖ്യാപിച്ചത്.
പരിധിയില്ലാത്ത ഡേറ്റ, കോളുകൾ, പ്രീമിയം ഉള്ളടക്കം, രാജ്യാന്തര റോമിംഗ് പായ്ക്ക് എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ തങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് വോഡഫോൺ റെഡ്എക്സ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുവെന്ന് വോഡഫോൺ വക്താവ് പറഞ്ഞു.






