
കൊച്ചി: അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം അംഗീകരിച്ച് അഭിനേതാക്കള്‍. പ്രതിഫല വിഷയത്തിലും പുതിയ സിനിമകളുടെ കാര്യത്തിലും നിലപാട് വ്യക്തമാക്കി അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' രംഗത്തെത്തി.
പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ശതമാനക്കണക്കുകള്‍ വേണ്ടെന്നും സിനിമയുടെ സാഹചര്യംനോക്കി നിര്‍മാതാവിനും അഭിനേതാവിനും അക്കാര്യം തീരുമാനിക്കാമെന്നുമാണ് 'അമ്മ' പറയുന്നത്. റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ എല്ലാവരുടെയും അഭിപ്രായങ്ങളനുസരിച്ച് ചെയ്യാം. എന്നാല്‍, അതില്‍ അഭിനയിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താനാകില്ലെന്നും സംഘടന പറയുന്നു. നിലപാട് വ്യക്തമാക്കി അമ്മ നിര്‍മാതാക്കളുടെ അസോസിയേഷന് കത്തയച്ചു.
ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാറായതുമായ 66 സിനിമകളുടെ റിലീസിനു ശേഷം മതി പുതിയ സിനിമകളെന്നാണ് നിര്‍മാതാക്കളുടെ അസോസിയേഷന് പറയുന്നത്. എന്നാല്‍, അതിന്റെ പേരില്‍ പുതിയ സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് അംഗങ്ങളെ വിലക്കാനാകില്ലെന്നാണ് 'അമ്മ' യുടെ നിലപാട്.






