
സിനിമ-സീരിയല്‍ താരമായ മോളി കണ്ണമാലിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. പ്രമുഖ മാഗസിന്റെ കവര്‍ ഗേളായാണ് താരം പ്രത്യക്ഷപ്പെട്ടത്. മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്. നിരവധി പേരാണ് താരത്തിന്റെ ഈ ഗെറ്റപ്പില്‍ അമ്പരപ്പ് അറിയിച്ചത്. തൊലി കറുപ്പാണെങ്കില്‍ എന്താ... തന്റെ ഉള്ളം വെളുപ്പാണെന്ന് പറയുകയാണ് മോളി കണ്ണമാലി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.
സീരിയലിലും സിനിമയിലുമൊക്കെ വന്നേപ്പിന്നെ ഒരുപാട് പേര് അറിഞ്ഞു തുടങ്ങി. ഉദ്ഘാടനത്തിനു പോകുമ്പോഴോ ഗസ്റ്റ് ആയിട്ടു ചെല്ലുമ്പോഴോ ചാളമേരി വരുന്നെന്നൊരു പറച്ചിലുണ്ട്. അത് എന്റെ കഥാപാത്രത്തെ ആളുകള്‍ സ്വീകരിച്ചതു കൊണ്ടല്ലേ? ചിലര്‍ ചാളമേരി പോണ്, എന്ന് ആക്കി പറയും. അവര്‍ക്കൊക്കെ തക്ക മറുപടി ഞാന്‍ കൊടുത്തിട്ടുണ്ട്. പറ്റിയാല്‍ രണ്ടെണ്ണം കൊടുത്തിട്ടും പോരും. ഒടേ തമ്പുരാനൊരാള് മോളിലൊണ്ട്. അതോണ്ട് ഞാന്‍ പോണവഴിക്ക് എനിക്ക് ഒരു ഭയോമില്ല.
അഴകു മാത്രം പോര കറുത്തതാണെന്നോ സൗന്ദര്യം പോരെന്നോ പണ്ടും തോന്നീട്ടില്ല, ഇന്നും തോന്നീട്ടില്ല. 10 വയസ്സു മുതല്‍ ഞാന്‍ കലാകാരിയാണ്. ' മോളി, അങ്ങാട്ട് മാറിനില്ക്ക്'' എന്നു പറയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ചെറുപ്പത്തിലൊക്കെ എത്ര പഷ്ണി കെടന്നാലും രാവിലെ എഴുന്നേറ്റ് എണ്ണ തേച്ചു കുളിക്കും. കണ്ണെഴുതി പൊട്ടു തൊട്ട് സ്ൈറ്റലില്‍ നടക്കും. ഇതേവരെ ഫേഷ്യല്‍ ചെയ്യിക്കാനൊന്നും പോയിട്ടില്ല. മേക്കപ്പിട്ടു പുറത്തിറങ്ങുന്ന സ്വഭാവമൊന്നും മോളിചേച്ചിക്കില്ല.
'നമുക്ക് ഈശ്വരന് തന്നൊരഴക് ഉണ്ട്. പിന്നെ, വലിയ അഴകുണ്ടെന്നു പറയുന്ന ആള്‍ക്കാര്‍ക്ക് ചെയ്യാമ്പറ്റാത്ത കഴിവുകളുണ്ട്. അഴകു വടിച്ച് കലത്തിലിട്ടാല്‍ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കില്‍ എന്താ. നമ്മുടെ ഉള്ള് വെളുത്തതാണ്, ഹൃദയം വെടിപ്പുള്ളതാണ്. ഏത് അറബിക്കടലില്‍ കൊണ്ടെ ഇട്ടെന്നാലും അവിടുന്ന് പിടിച്ചു കയറാനുള്ള പിടിവള്ളി ദൈവം തന്നിരിക്കും.'' - മോളി കണ്ണമാലി പറയുന്നു.






