
പ്ലസ്ടുവിന് മുകളിലുള്ള വിവിധ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇതരസംസ്ഥാനങ്ങളിലും വിദേശത്തും ഉള്ള ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതിനു പ്രധാന കാരണം സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്സലന്‍സ് നിലവാരത്തിലുള്ളതോ ഉയര്‍ന്ന നിലവാരത്തില്‍ ഉള്ളതോ ആയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവമാണ്.
ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ്, മെഡിസിന്, ഡെന്റല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം പൊതുവേ പരിതാപകരമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് പറ്റിയ തൊഴിലവസരങ്ങളും സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സംഘടിത മേഖല എന്നിവയില്‍ തീരെ കുറവാണ്. ഇതുമൂലം സംസ്ഥാനത്തിനു പുറത്തും വിദേശത്തും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി ചെറുപ്പക്കാര്‍ കുടിയേറുന്നു. കോവിഡ് മൂലം നടപ്പിലാക്കിയ ദേശീയ, പ്രാദേശിക ലോക്ഡൗണുകളും തുടര്‍ച്ചയായ യാത്രാ നിരോധനവും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടച്ചിടലും ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമുള്ള ചെറുപ്പക്കാരുടെ കുടിയേറ്റ സ്വപ്നങ്ങള്‍ തകര്‍ത്തിരിക്കുന്നു.
ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കും തൊഴിലിനും അനുസരിച്ച് ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ വരുത്താന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് മൂലം ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം വളരെ മോശമാണെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള സര്‍വേകള്‍ ചൂണ്ടിക്കാണിയ്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസനിലവാരമുള്ള കോളജുകളെ റാങ്ക് ചെയ്തുകൊണ്ട് ഇന്ത്യ ടുഡേ ഒരു പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് ആദ്യത്തെ 200 റാങ്കുകള്‍ നേടിയ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ കേരളത്തില്‍ ഉള്ളത് ഒരെണ്ണം മാത്രം. 120 ബി.ബി.എ. കോളജുകളില്‍ കേരളത്തില്‍ ഉള്ളത് ഒരെണ്ണം മാത്രം.
റാങ്കുകള്‍ നേടിയ 110 ബി.സി.എ കോളജുകളിലും 40 ലോ കോളജുകളിലും 30 ആര്‍ക്കിടെക്ചര്‍ കോളജുകളിലും ഒന്നു പോലും കേരളത്തില്‍ ഇല്ല. 120 റാങ്കുകളില്‍ ഉള്‍പ്പെട്ട ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ കേരളത്തില്‍ ഉള്ളത് നാലെണ്ണം മാത്രം. 160 കൊമേഴ്സ് കോളേജുകളില്‍ കേരളത്തില്‍ ഉള്ളത് നാലെണ്ണം മാത്രം. നാല്പത് മെഡിക്കല്‍ കോളജുകളില്‍ കേരളത്തില്‍ ഉള്ളത് ഒന്നും, നാല്പത് ഡെന്റല്‍ കോളേജുകളില്‍ കേരളത്തില്‍ ഉള്ളത് രണ്ടെണ്ണം മാത്രമാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ഏറ്റവും മുന്പില് നില്ക്കാന് എല്ലാവിധ സാധ്യതകളും കഴിവുറ്റ വിദ്യാര്‍ത്ഥികളും ഉള്ള ഒരു സംസ്ഥാനത്തിന്റെ പരിതാപകരമായ സ്ഥിതിയെയാണ് ഈ സര്‍വേ കാണിയ്ക്കുന്നത്.
എന്തുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗം ഇത്ര മോശമായി? ഒരു സമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസരംഗത്തും ആധുനിക ശാസ്ത്ര രംഗത്തും നേടുന്ന പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രരംഗത്തെ മുന്നേറ്റമാണ് മനുഷ്യന്റെ നിലനില്‍പ്പും ജീവിത പുരോഗതിയും നിര്‍ണയിക്കുന്നത്. ഇതിന് അടിസ്ഥാനം ഇടേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയാണ്. എന്നാല്‍ അത്തരം ഒരു കാഴ്ചപ്പാടോ, ലക്ഷ്യമോ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കില്ല. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സംഘടിത മേഖല എന്നിവയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ വേണ്ട വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന സ്ഥാപനങ്ങളായി ആണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നമ്മുടെ സര്‍ക്കാര്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ കാണുന്നത്.
ഇതുമൂലം ഉന്നത വിദ്യാഭ്യാസമേഖലയില്‍ കാലഹരണപ്പെട്ട കോഴ്സുകളും പരമ്പരാഗത വിദ്യാഭ്യാസ രീതികളുമാണ് അനുവര്‍ത്തിച്ചു വരുന്നത്. ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളോ, ഗുണ നിലവാരമോ ഉണ്ടാകുന്നില്ല. ബിരുദ ബിരുദാന്തര കോഴ്സുകള്‍ക്ക് പോലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈബ്രറി, ഇ-ലൈബ്രറി, ആധുനിക ലബോട്ടറികള്‍, ജേര്‍ണലുകള്‍, പുതിയ പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ തുടങ്ങിയവ മിക്ക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ഇല്ല.
സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ പഠിച്ച് ബിരുദം നേടിയതില്‍ ഭൂരിഭാഗം പേരും എന്ജിനീയറിങ്ജോലികള് ചെയ്യാന്‍ പറ്റിയവരല്ലെന്നാണ് ഐ.ടി. കമ്പനികളുടെയും മറ്റ് തൊഴില്‍ദാതാക്കളുടെയും അഭിപ്രായം. കേരളത്തിലെ കോളജുകളില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സാമ്പത്തിക ശാസ്ത്ര ഗവേഷണ സ്ഥാപനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കാനുള്ള അറിവോ പ്രായോഗിക ജ്ഞാനമോ കമ്പ്യൂട്ടര്‍ പരിജ്ഞാനമോ ഇല്ല. കേരളത്തില്‍ കാര്‍ഷിക സര്‍വകലാശാലകളില്‍ കാര്‍ഷിക ബിരുദ കോഴ്സിന് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളില്‍ ഒരാള്‍ പോലും കര്‍ഷകനോ സ്വന്തമായി കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ താല്പര്യം ഉള്ളവരല്ല. എല്ലാവരും സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലും ജോലി നേടാന്‍ വേണ്ടി പഠിക്കുന്നവരാണ്.
മെഡിക്കല്‍ കോളജുകളില്‍ പഠിയ്ക്കുന്നവരുടേയും മുഖ്യലക്ഷ്യം സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടുക എന്നതാണ്. കേരളത്തിലെ നാല് സര്‍വകലാശാലകളില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി. ബിരുദത്തിന് സമര്‍പ്പിച്ച ഒട്ടനവധി പ്രബന്ധങ്ങള്‍ പരിശോധിക്കാന്‍ ഈ ലേഖകന്‍ അവസരം കിട്ടിയിട്ടുണ്ട്. ഈ പ്രബന്ധങ്ങളില്‍ 75 ശതമാനത്തിനും വേണ്ടത്ര നിലവാരം ഇല്ലാത്തതാണ്. മാത്രമല്ല ഒരു ഗവേഷണ പേപ്പറിന് പോലുമുള്ള സത്ത് പല പ്രബന്ധങ്ങളിലും ഉള്ളതായി ലേഖകന്‍ കണ്ടിട്ടില്ല.
നാട്ടിലെ കോളജുകളില്‍ പഠിച്ചാല്‍ തങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുമെന്നു ബോധ്യമുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ തങ്ങളുടെ വസ്തുവകകള്‍ വിറ്റും, കടം മേടിച്ചും അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തും (അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, ചൈന, ഓസ്ട്രേലിയ തുടങ്ങിയവ) ഉന്നത പഠനത്തിനു പോയിരുന്നു. കോവിഡ് മൂലം അന്യസംസ്ഥാനങ്ങളിലും വിദേശത്തും പഠിച്ചിരുന്ന ഒട്ടനവധി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ നാട്ടില്‍ വരാന്‍ നിര്‍ബന്ധിതരായി. ഓണ്‍ലൈന്‍ പഠനം ഉണ്ടെങ്കിലും എത്രത്തോളം പേര്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. പുതുതായി ആര്‍ക്കും അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ല. ചുരുക്കത്തില്‍ അന്യനാട്ടില്‍ പോയി ഉയര്‍ന്ന നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം നേടി ജീവിതത്തില്‍ മുന്നേറാനായുള്ള മിടുക്കരായ വിദ്യാര്‍ഥികളുടെ സ്വപ്നം കോവിഡ് തകര്‍ത്തു.
ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം പരിതാപകരമായ നിലയിലാണെന്ന സന്ദേശമാണ് കോവിഡ് നല്‍കുന്നത്. ഇത് ഒരു അവസരമായും വെല്ലുവിളിയായും നാം ഏറ്റെടുക്കണം. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഗുണനിലവാരം മെച്ചമായ ദേശീയ സ്ഥാപനങ്ങളുടെ നിലയിലേക്കു മാറ്റാനുള്ള വലിയ ശ്രമങ്ങള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ആ നിലയിലേക്കുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സര്‍ക്കാര്‍, സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നവര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ മുന്നോട്ടു വരേണ്ടതാണ്. അത്തരത്തിലുള്ള മാറ്റം ഉണ്ടാക്കാന്‍ കോവിഡ് നമുക്ക് അവസരം ഉണ്ടാക്കട്ടെ എന്ന് പ്രത്യാശിക്കാം.
ഡോ. ബി. എ. പ്രകാശ്



