
സ്വപ്നാ സുരേഷും സന്ദീപ് നായരും അറസ്റ്റിലായ സ്വര്‍ണ്ണക്കടത്ത് കേസില്‍ ആശയവിനിമയം നടന്നത് ടെലിഗ്രാം വഴി. സ്വര്‍ണ്ണം കസ്റ്റംസ് തടഞ്ഞത് മുതല്‍ പിടിയിലാകുന്നത് വരെ ഇവര്‍ ടെലിഗ്രാം വഴി ആശയവിനിമയം നടത്തയിരുന്നതായി എന്‍ഐഎ കണ്ടെത്തി. കേസിന് തീവ്രവാദ ബന്ധം ഉണ്ടെന്നാണ് എന്‍ഐഎ യുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
സ്വപ്നാ സുരേഷിന്റെയും നാലാംപ്രതി സന്ദീപ് നായരുടേയും കസ്റ്റഡി നീട്ടണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയുടെ പണമിടപാടുകളും സ്വര്‍ണ്ണ നിക്ഷേപങ്ങളും മറ്റും പരിശോധിച്ചു വരികയാണ്. ഫേസ്ലോക്ക് ചെയ്ത രണ്ടു മൊബൈല്‍ ഫോണുകള്‍ അടക്കം ആറ് ഫോണുകളും രണ്ടു ലാപ്ടോപ്പുകളുമാണ് സ്വപ്നയില് നിന്നും പിടിച്ചെടുത്തത്. ഫേസ് ലോക്ക് ചെയ്ത ഫോണുകള്‍ സ്വപ്നയെ കൊണ്ടു തന്നെ തുറന്ന് പരിശോധിച്ചിരുന്നു. പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. അത് കണ്ടെത്താനുള്ള ശ്രമം അന്വേഷണസംഘം തുടരുകയാണ്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കാന്‍ സ്വര്‍ണക്കടത്ത് ഉപയോഗിച്ചതായി എന്‍ഐഎ കരുതുന്നു. സ്വര്‍ണം കടത്തിയതില്‍ മുഖ്യ കണ്ണി മലപ്പുറം സ്വദേശി കെ ടി റമീസ് ആണെന്നും സ്വപ്ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചതായും എന്‍ഐഎ പറയുന്നു. തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറില്‍ നിര്‍ണായകവിവരങ്ങളുള്ളതായാണ് എന്‍ഐഎ സംഘം പറയുന്നത്.






