
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിച്ച ടര്‍ബോ എന്ജിന് ഡസ്റ്റര്‍ ഓഗസ്റ്റ് അവസാനവാരം നിരത്തുകളിലെത്തുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കോംപാക്ട് എസ്യുവി മോഡലായ ഡസ്റ്ററിലും ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് സ്ഥാനം പിടിക്കുന്നു.
പുതിയ ഡസ്റ്ററിലും നിസാന്‍ കിക്സ് കോംപാക്ട് എസ്യുവിയില് പ്രവര്‍ത്തിക്കുന്ന ബിഎസ്-6 നിലവാരത്തിലുള്ള 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും കരുത്തേകുക. ഇത് 153 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ഈ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍ ട്രാന്‍സ്മിഷനും ഒരുക്കും.
ഡിസൈനിൽ ചെറിയ മാറ്റങ്ങളോടെയാണ് ഡസ്റ്റർ എത്തുന്നത്. ഗ്രില്ലില്‍ ചുവപ്പ് നിറത്തിലുള്ള സ്ട്രിപ്പ് നല്‍കിയും ഫോഗ് ലാമ്പ് ക്ലെസ്റ്ററിന്റെ രൂപമാറ്റം വരുത്തിയും സ്കിഡ് പ്ലേറ്റ് നല്‍കിയുള്ള ബംമ്പര്‍ നല്കുന്നതുമാണ് മുന്‍വശത്തെ മാറ്റങ്ങൾ. ഹെഡ്ലൈറ്റ്, ഡിആര്‍എല്‍ എന്നിവ മുന്‍ മോഡലിലേത് തുടരുമെന്നാണ് റിപ്പോർട്ട്. അകത്തളത്ത് സ്പോര്‍ട്ടി ഭാവം നല്‍കുന്നതിനായി ചില ഫീച്ചറുകള്‍ അധികമായി നല്‍കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹൈറ്റ് അഡ്ജസ്റ്റബിള് ഡ്രൈവര്‍ സീറ്റ്, തുടങ്ങിയ ഫീച്ചറുകള്‍ പുതിയ പതിപ്പില്‍ നല്‍കുന്നുണ്ട്.






