
സ്കോട്ട്ലന്റിലെ പുരാതനമായ ടാന്റലോണ് കോട്ടയിലെ സന്ദര്‍ശനത്തിനിടയില്‍ ക്രിസ്റ്റഫര്‍ ആക്ചിസണ് എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ഒരു ചിത്രമാണ് ഇപ്പോഴും ദൂരൂഹമാകുന്നത്. താഴെ നിന്നും കോട്ടയുടെ മുകളിലേക്ക് നോക്കുന്ന രീതിയില്‍ ഒരു ചിത്രം ക്രിസ്റ്റഫര്‍ എടുത്തിരുന്നു. ഈ ചിത്രത്തില്‍ കാണപ്പെട്ട ഒരു രൂപമാണ് ദുരൂഹത ഉണര്‍ത്തുന്നത്. 2009-ലാണ് ക്രിസ്റ്റഫര്‍ ഈ ചിത്രമെടുത്തത്.
കോട്ടയുടെ ഇരുമ്പഴികള്‍ പിടിച്ച് ഒരാള്‍ നില്ക്കുന്നതായാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വസ്ത്രധാരണ രീതിയാണ് ചിത്രത്തിലുള്ളയാള്‍ക്ക് കാണാന്‍ സാധിക്കുന്നത്. മുകളിലെ നിലയില്‍ നിന്നും ഇരുമ്പഴികള്‍ പിടിച്ച് താഴേക്ക് നോക്കി നില്ക്കുന്ന പുരുഷനാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ഫോട്ടോ എടുക്കുന്ന സമയത്ത് ഇങ്ങനെയൊരാള്‍ അവിടെ ഉണ്ടായിരുന്നതായി ശ്രദ്ധിച്ചിരുന്നില്ലെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. ഫോട്ടോ എടുത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന് പിന്നിലെ വാസ്തവം തെളിയിക്കാനായിട്ടില്ല.
ടൂറിസ്റ്റ് ഗൈഡോ അതല്ലെങ്കില്‍ കോട്ട സന്ദര്‍ശിക്കാനെത്തിയ ആരെങ്കിലും ആകാം ചിത്രത്തില്‍ പതിഞ്ഞതെന്നാണ് ഒരു കൂട്ടര് പറയുന്നത്. എന്നാല്‍ പുരാതനമായ വസ്ത്രം ധരിച്ച് ആരാണ് ഈ നൂറ്റാണ്ടില്‍ കോട്ട സന്ദര്‍ശിക്കാനെത്തുന്നത് എന്നാണ് മറുചോദ്യം. ചിത്രത്തിലുള്ളത് ഒരു സ്ത്രീയാണെന്നും ഹാന്‍ഡ് ബാഗ് കയ്യിലേന്തി നില്ക്കുന്ന ചിത്രം പുരാതന വസ്ത്രമായി തെറ്റിദ്ധരിച്ചതാണെന്നുമാണ് മറ്റൊരു വാദം. ചിത്രം വലുതാക്കി നോക്കിയാല്‍ ഇത് വ്യക്തമാകുമെന്ന് എഡിന്‍ബെര്‍ഗ് സ്കെപ്റ്റിക് ഗ്രൂപ്പ് അംഗമായ അലക്സ് പ്രൈസ് പറയുന്നു. കോട്ടയില്‍ പ്രേതബാധയുണ്ടെന്നാണ് ഒരു കൂട്ടര് പറയുന്നത്. ക്രിസ്റ്റഫര്‍ എടുത്ത ഫോട്ടോയില്‍ യാതൊരുവിധ എഡിറ്റിങ്ങും നടന്നിട്ടില്ലെന്ന് പരിശോധനയിലൂടെ തെളിഞ്ഞിരുന്നു.






