
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സില്‍ക്ക് സ്മിതയുടെ വേഷത്തിലാണ് ദീപ്തി എത്തി ഏവരേയും ഞെട്ടിച്ചത്. ആമ്പല്ലൂര്‍ കല്ലൂരില്‍ വെച്ച് രണ്ടുദിവസം കൊണ്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്. സോഷ്യല്‍ ആക്ടിവിസ്റ്റ് ദിയ സനയാണ് ''നീലിമയില്‍ നീരാടി സില്‍ക്ക് സ്മിത'' എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ട് സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പങ്ക് വച്ചത്.
'' ഇന്ത്യന്‍ സിനിമയില്‍ ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല. സില്‍ക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മള് മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ഒരു അര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ദീപ്തി കല്യാണിക്ക് അവരുടെ വേഷം എത്രത്തോളം ചേരും എന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും ഇത് ദീപ്തിയുടെ ഒരു പരീക്ഷണമെന്ന നിലയില്‍, ആ മണ്മറഞ്ഞ കലാകാരിക്ക് ഒരു ട്രിബ്യൂട്ട് ആവട്ടെ എന്ന് കരുതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഒരുപാട് ട്രാന്‍സ്ജന്റേഴ്സ് സില്‍ക്ക് സ്മിതയുടെ വേഷം അഭിനയിച്ചു കണ്ടിട്ടുണ്ട്.. പക്ഷെ ദീപ്തി ഇത് മനോഹരമാക്കി'' ദിയ കുറിച്ചു
ഫോട്ടോ ഷൂട്ടിനെ കുറിച്ച് ദീപ്തിയും തുറന്നു പറഞ്ഞു. '' ലോക്ഡൗണ്‍ ആയതു കൊണ്ട് ഡാന്‍സ് പ്രോഗ്രാമുകള്‍ ഒന്നും നടക്കാത്ത അവസ്ഥയിലാണ് ഫോട്ടോഷൂട്ടിലേക്ക് തിരിഞ്ഞത്. മൂന്ന് തീമുകള്‍ ആണ് കൊറിയോഗ്രാഫര്‍ കിരണ്‍ എന്റെ മുന്‍പിലേക്ക് വെയ്ക്കുന്നത്. ഒന്നു സില്‍ക്കിസ് സ്മിതയാണെങ്കില്‍ മറ്റൊന്ന് ബിക്കിനി വേഷം, പിന്നെ ഉണ്ടായിരുന്നത് ഷോര്‍ട്സും ഷര്‍ട്ടും ആയിരുന്നു. സില്‍ക്കിസ് സ്മിതയെ ചെയ്യാനായി ഞാന്‍ തിരഞ്ഞെടുക്കുകയായിരുന്നു.
ചെറുപ്പം മുതല്‍ ഉള്ള ആഗ്രഹം ആണ് സില്‍ക്കിന്റെ ഏഴിമല പൂഞ്ചോല ഡാന്‍സ് ചെയ്യണം എന്നത്. പക്ഷെ അതെനിക്ക് ആപ്റ്റ് ആകുമോ എന്ന് അറിയുമായിരുന്നില്ല. ക്യാമറക്ക് മുന്പില് ഒരു അവസരം കിട്ടുന്നത് ഇത് ആദ്യമായിട്ടാണ്. ട്രാന്‍സ്ജെന്‍ഡര്‍ ആയ എനിക്ക് ഇത് ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയെ ദൂരീകരിക്കാന്‍ ഇവരെല്ലാവരും തന്ന സപ്പോര്‍ട്ട് വളരെയധികമാണ്. ഇത് ഇത്രയും സക്സസ് ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം'' ദീപ്തി പറയുന്നു.






