
ജൂലൈ ആദ്യ ആഴ്ചയിൽ ആയിരുന്നു നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തയായ സുമലത തന്റെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ. താൻ പൂർണമായി സുഖം പ്രാപിച്ചുവെന്നും പ്ലാസ്മ ദാനം ചെയ്യാൻ ഡോക്ടർമാരുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു. ജൂലൈ 22ന് നടത്തിയ കോവിഡ് ടെസ്റ്റിൽ നെഗറ്റീവാണെന്നു കണ്ടെത്തിയിരുന്നു.
“സുഖം പ്രാപിച്ച് 29 ദിവസങ്ങൾ കൂടി കാത്തിരിക്കണം. ശേഷം ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിർണയിക്കുന്ന ഒരു ആന്റിജൻ പരിശോധന കൂടെ നടത്തേണ്ടതുണ്ട്. എല്ലാം ഓകെയാണെങ്കിൽ ഞാൻ തീർച്ചയായും പ്ലാസ്മ ദാനം ചെയ്യും,” സുമലത ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ജൂലൈ 6 നാണ് സുമലതയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. “ഞാൻ എന്റെ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തിയിരുന്നു, അതുകൊണ്ടുതന്നെ രോഗവിവരം രഹസ്യമായി സൂക്ഷിക്കുന്നത് എന്റെ ഭാഗത്തുനിന്നുള്ള അന്യായമാണെന്ന് തോന്നി. കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം തുറന്നുപറയരുതെന്ന് ചിലർ ഉപദേശിച്ചിട്ടും, ആളുകളോട് പറയണമെന്നാണ് എനിക്ക് തോന്നിയത്. ”
“നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികരുടെ മനോവീര്യത്തിനു സമമായിരുന്നു കോവിഡിനെതിരെയുള്ള എന്റെ പോരാട്ടവും. കോവിഡിൽ നിന്നും മുക്തയാവാനുള്ള ശ്രമങ്ങൾ സ്വന്തം ജീവിതത്തിനായുള്ള പോരാട്ടം തന്നെയായിരുന്നു. ഹോം ഐസൊലേഷനിൽ കഴിയുമ്പോഴും ആ വീര്യമാണ് എന്നെ പ്രചോദിപ്പിച്ചത്.”
ആശുപത്രിയിൽ അഡ്മിറ്റ് ആവാതെ വീട്ടിൽ തന്നെ ഒറ്റപ്പെട്ട രീതിയിൽ ക്വാറന്റെയിൻ കാലം കഴിഞ്ഞു കൂടുകയായിരുന്നു താരം.
“ആശുപത്രിയിൽ പ്രവേശിക്കുക എന്നതെനിക്ക് വളരെ എളുപ്പമായിരുന്നു, പക്ഷേ അങ്ങനെ വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. കോവിഡ് 19ന്റെ ഉയർന്ന നിരക്കുകൾ കാരണം പല രോഗികൾക്കും ആശുപത്രി കിടക്ക കിട്ടാൻ വലിയ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലായിരുന്നു തന്റെ തീരുമാനമെന്നും സുമലത പറഞ്ഞു.
ശുഭാപ്തിവിശ്വാസം ഉണ്ടാക്കിയെടുക്കാനായി ആ നാളുകളിൽ താൻ തന്നോടുതന്നെ സംസാരിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വീട്ടിലെ ഒരു മുറിയിൽ അടച്ചിരുന്ന് പകർച്ചവ്യാധിയോട് തനിയെ പോരാടുന്നത് എളുപ്പമായിരുന്നില്ലെന്നും സുമലത പറയുന്നു. ഐസൊലേഷനിൽ കഴിയുന്ന കോവിഡ് രോഗികളെ ഒറ്റപ്പെടുത്തുന്നതിനു പകരം അവരെ മാനസികമായി പിന്തുണ നൽകുകയാണ് വേണ്ടതെന്നും കോവിഡ് രോഗികളുടെ കുടുംബാംഗങ്ങളോട് സുമലത ആവശ്യപ്പെട്ടു.
“രോഗാവസ്ഥയിൽ ഭയം, ആശയക്കുഴപ്പം തുടങ്ങിയ അവസ്ഥകളിലൂടെയൊക്കെയാണ് ഓരോരുത്തരും കടന്നുപോവുന്നത്. കോവിഡ് ഒരിക്കലും തോൽപ്പിക്കാനാവാത്ത ഒരു രാക്ഷസനല്ല, ഒന്നിച്ച്, നമുക്ക് അതിനെ തോൽപ്പിക്കാൻ കഴിയും.” സുമലത പറയുന്നു.






