
മുംബൈ : സ്റ്റുവാർട്ട് ബ്രോഡിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള ദിനങ്ങളിലൊന്നാണിത്. ഇന്നെങ്കിലും അദ്ദേഹത്തിനെതിരെ ഒരു ഓവറിൽ ആറു സിക്സടിച്ച ആ പഴയ കാര്യം കുത്തിപ്പൊക്കാതിരിക്കാമോ? – ചോദിക്കുന്നത് സാക്ഷാൽ യുവരാജ് സിങ്. 2007ലെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബ്രോഡിനെതിരെ ഒരു ഓവറിൽ ആറ് സിക്സടിച്ച യുവരാജ് തന്നെ! ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് ബ്രോഡ് കടന്നതിനു പിന്നാലെയാണ് ആ ആറു സിക്സ് ഇത്തവണയെങ്കിലും കുത്തിപ്പൊക്കരുതെന്ന യുവിയുടെ നിർദ്ദേശം. യുവരാജിന്റെ നിർദ്ദേശത്തിന് കയ്യടിച്ചും അദ്ദേഹത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചും ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.
ചൊവ്വാഴ്ച സമാപിച്ച വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മാൻ ഓഫ് ദ് സീരീസ് പുരസ്കാരം സഹിതമാണ് ബ്രോഡ് ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ചത്. വിൻഡീസ് താരം ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ എൽബിയിൽ കുരുക്കിയത് ബ്രോഡിന്റെ ടെസ്റ്റ് കരിയറിലെ 500–ാം വിക്കറ്റായിരുന്നു. വിൻഡീസിന്റെ അവസാന വിക്കറ്റും പിഴുത ബ്രോഡ് 10 വിക്കറ്റ് നേട്ടവും കളിയിലെ കേമൻ പട്ടവും സ്വന്തമാക്കി. ഇതിനു പിന്നാലെയാണ് വിൻഡീസ് താരം റോസ്റ്റൺ ചേസിനൊപ്പം പരമ്പരയുടെ താരവുമായത്. ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ഇതാ:
‘ഞാൻ എന്നൊക്കെ സ്റ്റുവാർട്ട് ബ്രോഡിനെക്കുറിച്ച് എഴുതിയാലും ആളുകൾ പണ്ട് ഞാൻ ആറു പന്തിൽ ആറ് സിക്സടിച്ച സംഭവം ഉയർത്തിക്കൊണ്ടുവരുമെന്ന് തീർച്ചയാണ്. ഇന്നെങ്കിലും നിങ്ങൾ ദയവായി അതു ചെയ്യരുതെന്നാണ് എന്റെ അപേക്ഷ. പകരം ആ മനുഷ്യൻ സ്വന്തമാക്കിയ വലിയ നേട്ടത്തെ അഭിനന്ദിക്കൂ. ടെസ്റ്റിൽ 500 വിക്കറ്റുകളെന്നത് തമാശയല്ല. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും മാത്രമേ അതു നേടാനാകൂ. തിരിച്ചടികളിൽനിന്ന് ഉയർത്തെഴുന്നേറ്റ് വെല്ലുവിളികളോട് പോരാടി നിങ്ങൾ വിജയത്തിലേക്ക് നടന്നെത്തിയത് വിസ്മയമാണ്. പ്രിയ സുഹൃത്തേ, നിങ്ങൾ ഒരു യഥാർഥ ഇതിഹാസമാണ്. നേട്ടത്തിനു മുന്നിൽ ശിരസ് നമിക്കുന്നു’ – യുവരാജ് എഴുതി.






