
കൊച്ചി: നടൻ അനിൽ മുരളി (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ അനിൽ 200 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. താരത്തിന് ആദരാഞ്ജലികൾ നേർന്ന് സഹപ്രവർത്തകർ. മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപേരാണ് അനിലിന് ആദരാഞ്ജലികൾ നേർന്നെത്തിയത്.
അരുൺ ഗോപി: പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...!!
1993ൽ പുറത്തിറങ്ങിയ ‘കന്യാകുമാരിയിൽ ഒരു കവിത’ എന്ന സിനിമയിലൂടെയാണ് സിനിമാ ജീവിതത്തിനു തുടക്കം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘ഫോറൻസിക്’ ആണ് ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം. മലയാളത്തിലെ ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.






