
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെയായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ച മുതിര്‍ന്ന നടിയാണ് സീമ. സീമ സിനിമയിലെത്തിയിട്ട് 49 വര്‍ഷമാകുന്നു. ഇപ്പോഴും സിനിമയിലും മിനി സ്ക്രീനിലും സജീവമായ താരത്തിനായുള്ള കരുത്തുറ്റ കഥാപാത്രങ്ങളായിരുന്നു എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പിറന്നത്. എം.ടി-ഐ.വി ശശി-സീമ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകളാണ് പിറന്നത്. എംടി സാര്‍ തന്നോട് ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ലോകത്തെ ഏറ്റവും വലിയ അവാര്‍ഡാണ് തനിക്കെന്ന് പറയുകയാണ് സീമ.
'' ശശിയേട്ടന് എം.ടി സാറിന്റെ രചനകള്‍ ലഭിച്ചു എന്നത് വലിയ ഭാഗ്യമാണ്. അതിലും വലിയ ഭാഗ്യം എനിക്കല്ലേ കിട്ടിയത്. ഐ.വി ശശി എന്നത് വലിയ സംവിധായകന് ആണെന്നെങ്കിലും പറയാം എന്നെ സംബന്ധിച്ച് കിട്ടിയ ഭാഗ്യമാണ് അദ്ദേഹം രചിച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നത്. എം.ടി സാറിന്റെ തിരക്കഥകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ച നായിക നടിയും ഞാന്‍ തന്നെയായിരിക്കും. കോഴിക്കോട് പോകുമ്പോള്‍ എനിക്ക് എംടി സാറിനെ കാണണം എന്നൊരു തോന്നല്‍ വരും.
അങ്ങനെ ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ എന്നോട് പറഞ്ഞ ഒരു വാചകം ഇന്നും ഓര്‍മ്മയുണ്ട്. 'നീയൊക്കെ അഭിനയിക്കാത്തത് കൊണ്ടാകും എനിക്ക് ഇന്ന് അങ്ങനെയൊരു സ്ത്രീ കഥാപാത്രം എഴുതാന്‍ പറ്റാത്തത്'. അത് എംടി സാര്‍ പറഞ്ഞതും ഞാന്‍ സാഷ്ടാംഗം അദ്ദേഹത്തിന്റെ കാലില്‍ വീണു, ഞാന്‍ പറഞ്ഞു ഇതിലും വലിയ അവാര്‍ഡ് എനിക്ക് ഇനി എവിടെ നിന്നും കിട്ടാനില്ലെന്ന്.'' - സീമ പറയുന്നു.






