മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് ബൈക്കായ മോജോ 300 എബിഎസിന്റെ ബിഎസ്-6 എന്ജിന് മോഡല്‍ അവതരിപ്പിച്ചു. 1.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് മഹീന്ദ്രയുടെ പുതിയ മോജോ 300 എബിഎസ് എത്തിയിരിക്കുന്നത്. ബിഎസ്-4 മോഡലിനെക്കാള്‍ 10,000 രൂപ വില കൂടുതലാണ് ഇതിന്. വാഹനങ്ങളിലെ എന്ജിന് മാണദണ്ഡം മാറിയതിനെ തുടര്‍ന്ന് മോജോ 300-ന്റെ ബിഎസ്-4 എന്ജിന് പതിപ്പ് കഴിഞ്ഞ ഏപ്രിലിലാണ് നിർത്തലാക്കിയത്.
റൂബി റെഡ്, ബ്ലാക്ക് പേള്‍, ഗ്രാനൈറ്റ് ബ്ലാക്ക്, റെഡ് അഗേറ്റ് തുടങ്ങിയ പുതിയ നാല് നിറങ്ങളിലാണ് മോജോ 300 എബിഎസ് എത്തുന്നത്. ഇത് അല്ലാതെ ഈ വാഹനത്തിന്റെ ഡിസൈനിലും മറ്റും നിര്‍മാതാക്കള്‍ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. സിംഗിള്‍ പീസ് സീറ്റ്, ഡ്യുവല്‍ ഹെഡ്ലാമ്പ്, 21 ലിറ്റര്‍ ശേഷിയുള്ള വലിയ ഫ്യുവല്‍ ടാങ്ക്, അലോയി വീല്‍ എന്നിവ മുന്‍ മോഡലിലേത് തുടരും.
ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ത്തിയ 295 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന് ലിക്വിഡ് കൂള്‍ഡ് എന്ജിൻ 26.29 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ടാങ്കില്‍ ബിഎസ്-6 ഡീക്കല്‍ നല്‍കിയിരിക്കുന്നത് ഈ മോഡലിലെ പുതുമയാണ്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോ ഷോക്കുമായിരിക്കും പുതിയ മോജോയില്‍ ഒരുങ്ങുക. ബ്രേക്കിംങ്ങ് ഒരുക്കുന്നത് മുന്നില്‍ 320 എംഎം ഡിസ്കും പിന്നില്‍ 240 എംഎം ഡിക്സുമായിരിക്കും എന്നാണ് സൂചന.






