
250 ഡ്യൂക്ക് മോഡൽ വീണ്ടും പരിഷ്കരിക്കാനൊരുങ്ങുകയാണ് ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാക്കളായ കെടിഎം. 250 ഡ്യൂക്കിന്റെ ഹെഡ്ലാംപിനാണ് പുതുതായി മാറ്റം വരുത്തുന്നത്. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച എൻജിനും പുത്തൻ നിറങ്ങളുമായി ഈ വർഷത്തിന്റെ തുടക്കത്തിൽ ആണ് 250 ഡ്യൂക്ക് എത്തിയത്.
അധികം താമസമില്ലാതെ 390 ഡ്യൂക്കിന് സമാനമായ എൽഇഡി ഹെഡ്ലാംപ് കെടിഎം 250 ഡ്യൂക്കിലും ഇടം പിടിക്കുമെന്നാണ് സൂചന. 390 ഡ്യൂക്കിന്റെ കുത്തനെയുള്ള രണ്ടായി ഭാഗിച്ച എൽഇഡി ഹെഡ്ലാംപിന് പകരം 250 ഡ്യൂക്കിൽ അടിഭാഗം മുന്നോട്ട് തള്ളി നിൽക്കുന്ന ഹാലൊജൻ ഹെഡ്ലാംപ് ആണ് ഉള്ളത്.
ഡാർക്ക് ഗാൽവനോ, സിൽവർ മെറ്റാലിക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ 250 ഡ്യൂക്ക് വില്പനയിലുള്ളപ്പോൾ സിൽവർ മെറ്റാലിക്, സെറാമിക് വൈറ്റ് എന്നീ പുതിയ നിറങ്ങളിലാണ് 390 ഡ്യൂക്ക് വില്പനയിലുള്ളത്. പുത്തടിയ മാറ്റത്തോടെ ഇനി ഒറ്റ നോട്ടത്തിൽ നിറങ്ങൾ മാത്രമാവും 250 ഡ്യൂക്ക്, 390 ഡ്യൂക്ക് മോഡലുകളെ തമ്മിൽ വേർതിരിക്കുക. എൽഇഡി ഹെഡ്ലാംപിന്റെ വരവ് കെടിഎം 250 ഡ്യൂക്കിന്റെ വിലയും വർദ്ധിപ്പിക്കും. 4000 രൂപ വർദ്ധിച്ച് ഏകദേശം 2.09 ലക്ഷം ആവും കെടിഎം 250 ഡ്യൂക്കിന്റെ എക്സ്-ഷോറൂം വില എന്നാണ് വിവരം.






