
കയ്യില്‍ മൈലാഞ്ചിയിട്ട് പരമ്പരാഗത രീതിയിലാണ് അനു സിത്താരയുടെ ബലിപ്പെരുന്നാള്‍ ആഘോഷം. ഒപ്പന കളിച്ചും പാട്ടു പാടിയും താരം ബലിപ്പെരുന്നാള്‍ ദിനം മനോഹരമാക്കി.മികച്ച പ്രതികരണമാണ് അനു സിത്താരയുടെ ക്യൂട്ട് വിഡിയോയ്ക്ക് ലഭിക്കുന്നത്.
സഹോദരി അനു സൊനാരയ്ക്കൊപ്പം താരമൊരുക്കിയ ബലിപ്പെരുന്നാള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. താരത്തിന്റെ പിതാവ് അബ്ദുള്‍ സാലാമിന്റെ ഉമ്മ റുഖിയയെ നടുവിലിരുത്തിയായിരുന്നു അനു സിത്താരയുടെയും സഹോദരിയുടെയും ഒപ്പന ചുവടുകള്‍. ഉമ്മൂമ്മ അനുവിന്റെ കയ്യില്‍ മൈലാഞ്ചിയിടുമ്പോള്‍ അടുത്തിരുന്ന് താളമിട്ടു പാട്ടു പാടുകയാണ് അനു സൊനാര. ഗ്രാമഫോണ്‍ എന്ന ചിത്രത്തിലെ 'എന്തേ ഇന്നും വന്നീല' എന്ന ഗാനമാണ് അനു സൊനാര പാടുന്നത്.
ചിലങ്കയില്‍ താളം പിടിച്ചുള്ള അനു സൊനാരയുടെ പാട്ട് അതിമനോഹരമാണെന്നാണ് ആരാധകരുടെ പക്ഷം. മൈലാഞ്ചിയിടലിനു ശേഷം ഇരുവരും ചേര്‍ന്ന് ഒപ്പനയും കളിച്ചു.
തട്ടമിട്ട് മൊഞ്ചത്തിയായി ചുവടുവച്ച അനു സിത്താരയെ നിരവധി പേര് പ്രശംസിച്ചു. അനിയത്തിക്കും ഉമ്മൂമ്മയ്ക്കുമൊപ്പം എത്തിയ താരം എല്ലാവര്ക്കും സ്നേഹം നിറഞ്ഞ ബലിപ്പെരുന്നാള്‍ ദിനം ആശംസിക്കുകയും ചെയ്തു.






